തൃശ്ശൂര്‍: ബക്രീദിന് ശേഷം കടകള്‍ തുറക്കുന്നതില്‍ ഇളവ് നല്‍കണമെന്ന വ്യാപാരികളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ച സാഹചര്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വീണ്ടും പ്രക്ഷോഭത്തിലേക്ക്. ഓഗസ്റ്റ് രണ്ട് മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണയിരിക്കാനും ഒന്‍പത് മുതല്‍ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കാനും തൃശ്ശൂരില്‍ ചേര്‍ന്ന വ്യാപാരി വ്യവസായി സംസ്ഥാന സമിതി യോഗത്തില്‍ തീരുമാനമായി.
അതേസമയം, സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയേ മതിയാകുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി.നസറുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോയത്. എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.