മരണപ്പെട്ട ആളുകളുടെ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെതിരെയാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു.
പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ പെൻഷൻ തുകയാണ് സത്യനാരായണൻ തട്ടിയെടുത്തത്. ജൂലൈ മാസം ആദ്യ ആഴ്ചയാണ് കൃഷ്ണൻ കുട്ടി പണിക്കർ മരണപ്പെട്ടത്. ഓഗസ്റ്റിലാണ് നാരായണ ഗുപ്തൻ മരണപ്പെടുന്നത്. ഈ മാസം മുതൽ സെപ്റ്റംബർ വരെയുള്ള ഇരുവരുടെയും പെൻഷൻ തുകയാണ് സത്യനാരായണൻ തട്ടിയത്.
ഇവരുടെ വ്യാജ ഒപ്പിട്ട് ഇവർ തുക കൈപ്പറ്റിയതായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവം പുറത്തുവന്നതോടെയാണ് ഇയാൾക്കെതിരെ നടപടി വന്നത്. സത്യനാരായണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.















