ന്യൂഡല്‍ഹി:രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി. മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും യാചിക്കാന്‍ പോകില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
ഭിക്ഷക്കാരുടെ പുനരധിവാസമാണ് ആവശ്യം. ഭിക്ഷയെടുക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസവും, തൊഴിലും ഉറപ്പാക്കി കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.യാചകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്സിന് നല്‍കുന്നതിനെ സംബന്ധിച്ച വിശദാംശങ്ങള്‍ കൈമാറാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.