മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം നടക്കും. വിദ്യാര്‍ഥി സംഘടനകളും തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും എസ്ഐആർ വിരുദ്ധ മുന്നണിയും തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.
ഉച്ചയോടെ പ്രതിഷേധം ആരംഭിക്കാനാണ് തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഐസയുടെ ദേശീയ പ്രസിഡന്റ് നേഹയടക്കം പ്രതിഷേധത്തിന് നേതൃത്വം നൽകും. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല പ്രഭാകറും പ്രതിഷേധത്തില്‍ പങ്കെടുക്കും.
നടന് പ്രകാശ് രാജും പ്രശാന്ത് ഭൂഷണും ഇടത് സംഘടനകളും സംയുക്തമായി രൂപീകരിച്ച ‘PEOPLE AGAINST SIR’ എന്ന കൂട്ടായ്മയുടെ പേരിലാണ് ഇന്നത്തെ പ്രതിഷേധം. ജനാധിപത്യത്തെ തിരികെ പിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
സിജെപിയും കൂട്ടായ്മയുടെ ഭാഗമാണെങ്കിലും ഇന്നത്തെ പ്രതിഷേധത്തില്‍ നേതാക്കള്‍ പങ്കെടുക്കില്ല. ജാമ്യ ഉപാധിയായി സമാധാന ബോണ്ട് അടക്കം ഉള്ള സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ വീണ്ടും നീക്കം നടക്കുമെന്ന് കണ്ടാണ് സിജെപി താല്‍ക്കാലികമായി മാറി നില്ക്കാന് തീരുമാനിച്ചത്.
കര്‍ഷക സംഘടനകളും മാര്‍ച്ചിന്റെ ഭാഗമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കര്‍ഷക നേതാവായ രാകേഷ് ടിക്കായത്തും മാര്‍ച്ച് നയിക്കാന്‍ എത്തിച്ചേരുമെന്നാണ് വിവരം. കൂടാതെ മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധിയും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.
മാര്‍ച്ചിന് ഡല്‍ഹി പൊലീസ് ഇതുവരെ അനുമതി നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ മാര്‍ച്ചിനെ നേരിടാനുള്ള സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാനാകും ഡല്‍ഹി പൊലീസിന്റെ തീരുമാനം.















