തിരുവനന്തപുരം: വീട്ടുകാര്‍ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ഒരു മാസക്കാലമായി തനിച്ച് താമസിച്ചിരുന്ന പതിനഞ്ച് വയസുകാരിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയെയാണ് ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചത്. വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്.
വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പൊലീസിന്‍റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.