കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച ട്രാൻസ്ജെൻഡർ അനന്യ കുമാരിയുടെ മരണത്തിൽ സ്വമേധയാ അന്വേഷണം പ്രഖ്യാപിച് ഐ.എം.എ. ഡോ. റോയി എബ്രഹാം കള്ളുവേലില്‍ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക.രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും അടങ്ങുന്നതാണ് സമിതി. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തില്‍ സ്വമേധയാ അന്വേഷണം നടത്താന്‍ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു.
അതേസമയം അനന്യ കുമാരി അലക്സിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ഒരു വർഷം മുൻപ് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു. ഇക്കാര്യങ്ങളടക്കം പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ചികിൽസാ പിഴവ് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റ്‍മോർട്ടം നടത്തിയ ഡോക്ടർമാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സർക്കിൾ ഇൻസ്പെക്ടർ പി ആർ. സന്തോഷ് പറഞ്ഞു.