മലപ്പുറം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കോസില്‍ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രഹസനമാണ്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ പോലും തയാറായതെന്നും വി ഡി സതീശൻ പറഞ്ഞു.
മൂന്നു വര്‍ഷം മുന്‍പ് സി.പി.എം സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ക്ക് ബാങ്കില്‍ നടക്കുന്ന കൊള്ളയെ കുറിച്ച് അറിയാമായിരുന്നു. എന്നിട്ടും മൂടിവച്ചു. വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശയും പൂഴ്ത്തി. അത്രയും സ്വാധീനം ഈ കേസില്‍ പ്രതികള്‍ക്ക് സിപിഎം നേതൃത്വത്തിലുണ്ടായിരുന്നു. ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ അറിഞ്ഞതിനു ശേഷവും 100 കോടിയുടെ തട്ടിപ്പ് നടന്നു. ഒരു ക്രൈം നടന്നതായി പാര്‍ട്ടിയിലെ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ അറിഞ്ഞിട്ടും പൊലീസില്‍ അറിയിച്ചില്ല. ആ ബാധ്യത വിസ്മരിച്ച് പ്രതികളെ രക്ഷിക്കാനാണ് സി.പി.എം നേതാക്കള്‍ ശ്രമിച്ചത്.
350 കോടി രൂപയുടെ തട്ടിപ്പ് പ്രഥമികമായി കണ്ടെത്തിയിട്ടുണ്ട്. മൂന്നു കൊല്ലമായി ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലും പാര്‍ട്ടി തലത്തിലും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. പിന്നെ എങ്ങനെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തെ വിശ്വസിക്കുന്നത്. ചീറ്റിപ്പോയത് ശശീന്ദ്രന്‍ കേസല്ല. മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും സ്ത്രീവാദവും നവോത്ഥാന വാദവുമാണ് ഏഴുനിലയില്‍ ചീറ്റിപ്പോയത്. ഞങ്ങള്‍ സ്ത്രീപക്ഷത്താണെന്നും പുരോഗമനവാദികളുമാണെന്ന കാപഠ്യമാണ് ചീറ്റിപ്പോയത്. കോവിഡ് മരണനിരക്കില്‍ സര്‍ക്കാര്‍ കൃത്രിമം കാട്ടിയിരിക്കുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ മറച്ചുവയ്ക്കുകയാണ്.