തേക്കടി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുവിന് തേക്കടിയ്ക്ക് സമീപം മുരിക്കടിയില്‍ കോടികളുടെ റിസോര്‍ട്ട്. സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് പുറത്തു വന്നതിനെ തുടന്ന് മൂന്നു വര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ പണികള്‍ മുടങ്ങുകയായിരുന്നു.
2012 ലാണ് ബിജു മുരിക്കടിയില്‍ സ്ഥലം വാങ്ങിയത്. 2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചു. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ബിജോയി. 58,500 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ പണിയാനാണ് പെര്‍മിറ്റെടുത്തത്. 18 കോടി രൂപയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മൂന്നരക്കോടിയുടെ നിര്‍മാണം മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. അതേസമയം, മൂന്ന് പേരില്‍ നിന്നായി വാങ്ങിയ സ്ഥലത്തില്‍ ബിജോയിയുടെ പേരിലുള്ള 2.5 ഏക്കര്‍ സ്ഥലത്തെ നിര്‍മാണത്തിനാണ് ആദ്യം അനുമതി വാങ്ങിയത്. തുടര്‍ന്ന് 2017ല്‍ കൂടുതല്‍ നിര്‍മാണത്തിനുള്ള അനുമതി പഞ്ചായത്തില്‍ നിന്നു ലഭിച്ചു. എന്നാല്‍ ഫണ്ട് വരാതായതോടെ രണ്ടു വര്‍ഷം മുന്‍പ് റിസോര്‍ട്ട് നിര്‍മാണം നിലച്ചു. കുമളി പഞ്ചായത്തിലെ പത്തുമുറി വാര്‍ഡില്‍ ഉള്‍പ്പെട്ട സ്ഥലത്താണ് റിസോര്‍ട്ട്. 50 മുറികളും ആയൂര്‍വേദ സ്പായും ഉള്‍പ്പെടെ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. കൂടാതെ റിസോര്‍ട്ടിന്റെ പണി നടത്തിയ മുരിക്കടി സ്വദേശിയായ കരാറുകാരന് 18 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ട്.
അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ ജീവനക്കാരായ മൂന്ന് സി.പി.എം നേതാക്കളെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവരാണ് പ്രതികള്‍. പ്രതികള്‍ക്കെതിരെ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.