തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും, കൊവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ തുടങ്ങിയവയിൽ 50 ശതമാനം ഉദ്യോഗസ്ഥരേയും, കാറ്റഗറി സി-യിൽ 25 ശതമാനം ഉദ്യോഗസ്ഥരേയും, മാത്രമേ അനുവദിക്കൂ. എ,ബി വിഭാഗത്തിൽ ബാക്കിവരുന്ന 50 ശതമാനം പേരും, സിയിൽ ബാക്കി വരുന്ന 75 ശതമാനം വരുന്ന എല്ലാ മേഖലയിലെ ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. ഇവർക്ക് അതിനുള്ള ചുമതല നൽകാൻ ജില്ലാ കളക്ടർമാർ മുൻകൈ എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാറ്റഗറി ഡി-യിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കു. ഡി വിഭാഗത്തിലെ ബഹുഭൂരിപക്ഷം ജീവനക്കാരേയും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ ക്ലസ്റ്ററുകളായി കണക്കാക്കണം. അതൊടൊപ്പം മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനവും നടപ്പിലാക്കും.
കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് രോഗം കണ്ടെത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലേത് മികച്ച ടെസ്റ്റിംഗ് രീതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇരുപത്തിയെട്ട് പേരിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡെൽറ്റാ വകഭേദമാണ് കേരളത്തിൽ ടിപിആർ ഉയരാൻ കാരണം. കൊവിഡിനെ പിടിച്ചുകെട്ടാൻ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. സംസ്ഥാനത്തെ എല്ലാവർക്കും ഒരു ഡോസ് വാക്‌സിനെങ്കിലും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗർഭിണികൾ വാക്‌സിനേഷനിൽ നിന്ന് വിട്ടുനിൽക്കുന്നരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുലയൂട്ടുന്ന അമ്മമാരും വാക്‌സിനേഷൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 17,518 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 132 മരണം റിപ്പോർട്ട് ചെയ്തു. 128489 ആണ് പരിശോധനകളുടെ എണ്ണം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടിപിആർ 12.1 ആണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ടിപിആർ.