തിരുവനന്തപുരം: കുണ്ടറയിലെ പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇടപെട്ടുവെന്ന ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം ചീറ്റിപ്പോയില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശശീന്ദ്രനെതിരേ ഉയര്‍ന്ന ആരോപണത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെടുന്നതിന്റെ കൃത്യമായ സൂചന അദ്ദേഹത്തിന്റെ ഫോണ്‍ കോളില്‍ നിന്ന് വ്യക്തമല്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്നാല്‍ അത് നിയമസഭയില്‍ തന്നെ ചീറ്റിപ്പോയത് നിങ്ങള്‍ കണ്ടതല്ലേ എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും മന്ത്രിയെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ വേണ്ടി മാത്രമാണ് മന്ത്രി വിളിച്ചത് എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം ക്ലിഫ്ഹൗസിലെത്തിയിരുന്നു. മറ്റൊരുതരത്തിലും യുവതി നല്‍കിയ പരാതിയില്‍ ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ശശീന്ദ്രന്‍ ഇടപെട്ടത് പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന പരാതിയിലല്ല പാര്‍ട്ടി പ്രശ്‌നങ്ങളിലാണെന്ന വാദമാണ് എന്‍സിപി ഉയര്‍ത്തിയിരുന്നത്.