ടോക്യോ: കോവിഡിനെ തോൽപ്പിച്ച് 32-ാമത് ഒളിംപിക്സിന്റെ ഉദ്ഘാടനച്ചടങ്ങുകൾക്ക് ജപ്പാൻ തലസ്ഥാനമായ ടോക്യോയിൽ തുടക്കമായി. സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ നിന്നുള്ള മനോഹരമായ കരിമരുന്ന് പ്രയോഗത്തോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങിയത്. പിന്നാലെ കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് ആരംഭിച്ചു.
ഒളിംപിക്സിന്റെ ജൻമനാടായ ഗ്രീസ് ആണ് മാർച്ച് പാസ്റ്റിൽ ആദ്യമെത്തിയത്. രണ്ടാമതായി അഭയാർത്ഥികളുടെ ടീം മാർച്ച് പാസ്റ്റ് ചെയ്തു. ജപ്പാനീസ് അക്ഷരമാല ക്രമത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ 21-മതായാണ് ഇന്ത്യ എത്തിയത്. ബോക്സിംഗ് താരം എം.സി. മേരി കോമും ഹോക്കി ടീം നായകൻ മൻപ്രീത് സിംഗുമാണ് മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തിയത്. 20 കായികതാരങ്ങളടക്കം 28 പേരാണ് ഇന്ത്യയെ പ്രിതനിധീകരിച്ച് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്.
205 രാജ്യങ്ങളിൽ നിന്നുള്ള 11200 കായിക താരങ്ങൾ തങ്ങളുടെ മികവിന്റെ മാറ്റുരക്കുന്ന സമയമാണ് ഇനിയുള്ള രാപകലുകൾ. 33 കായിക ഇനങ്ങളിലായി കൂടുതൽ വേഗവും കരുത്തും ദൂരവും ഉയരവും കുറിക്കാനുള്ള ആവേശത്തിലാണ് ഓരോ കായിക താരങ്ങളും, പ്രതീക്ഷയോടെ രാജ്യങ്ങളും.