.തൃശൂര്‍: വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരന് പ്രസിഡന്റായിരിക്കുന്ന ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടിരിക്കുന്നത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തി.
വായ്പ അനുവദിക്കൽ, സൂപ്പർമാർക്കറ്റ് നടത്തിപ്പ് എന്നിവയിൽ 100 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പരാതി. 1921-ൽ ആരംഭിച്ച ബാങ്കിന് 40 വർഷമായി സി.പി.എമ്മിന്റെ ഭരണസമിതിയാണ്.
വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബാങ്ക് സെക്രട്ടറിയടക്കം നാല് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരടക്കം ആറുപേര്‍ക്കെതിരെ കേസെടുത്തെങ്കിലും വകുപ്പുതല അന്വേഷണത്തിെന്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.
ഒക്ടോബറില്‍ ഭരണസമിതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍. 2011ല്‍ പ്രസിഡന്റായ കെ.കെ. ദിവാകരെന്റ നേതൃത്വത്തിലുള്ള ഭരണസമിതി 2016ല്‍ വീണ്ടും അധികാരത്തിലെത്തുകയായിരുന്നു. 2014 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബാങ്കില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.
നിക്ഷേപകർക്ക് ആഴ്ചയിൽ 10,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാവാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് ബാങ്ക് എത്തിയിരുന്നു. 46 ആളുകളുടെ പേരിൽ എടുത്ത 22.85 കോടി രൂപ മുഴുവൻ കിരൺ എന്നയാളുടെ ഒരു അക്കൗണ്ടിലേക്കാണ് വരവുചെയ്തിരിക്കുന്നത്. സഹകരണ വകുപ്പിന്റെ ഓഡിറ്റിങ്ങിൽ ക്രമക്കേടുകൾ തെളിഞ്ഞിട്ടുണ്ട്. ബാങ്കിന്റെ കീഴിലുള്ള സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ ഒരുവർഷത്തെ കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രം ഒന്നരക്കോടിയിലധികം കുറവുണ്ടെന്ന് കണ്ടെത്തി.
വായ്പയെടുത്തവർ ഈടുനൽകിയ വസ്തുവിന്മേലാണ് അവരറിയാതെ വീണ്ടും വായ്പ തരപ്പെടുത്തിയിരിക്കുന്നത്. തിരിച്ചടവ് ഇല്ലാതെ പലർക്കും ജപ്തിനോട്ടീസ് വന്നപ്പോഴാണ് തട്ടിപ്പ് വെളിവായിത്തുടങ്ങിയത്.