പൊന്നാനി: ലോക്ക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ട പൊലീസിനെ ചുറ്റിക്കാന്‍ വ്യാജ ബോംബ് ഭീഷണി നടത്തിയ അതിഥി തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡലാണ് പിടിയിലായത്. ചൊവ്വാഴ്ച്ച രാവിലെയാണ് പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് ടെലിഫോണിലൂടെ ബോംബ് ഭീഷണിയെത്തിയത്.
ഉച്ചക്ക് രണ്ടിന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കില്‍ ബോംബ് സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഡോഗ് സ്‌കോഡും ബോംബ് സ്‌കോഡും സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഭീഷണി വ്യാജമാണെന്ന് ഉറപ്പാക്കിയതോടെ ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്റ്റേഷനിലേക്ക് വന്ന നമ്പറിന്റെ ഉടമ ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡല്‍ എന്ന ആളാണെന്ന് കണ്ടെത്തി.
ഫോണിന്റെ ലോക്കേഷന്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ പൊന്നാനി സ്റ്റേഷനില്‍ എത്തിക്കുകയും പ്രതിയുടെ പേരില്‍ കേസ് എടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ലോക്ക്ഡൗണ്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ പൊലീസും, ആരോഗ്യ വകുപ്പും പിഴ ചുമത്തിയിരുന്നു. അതിന്റെ ദേഷ്യത്തില്‍ പൊലീസിനെ ചുറ്റിക്കാന്‍ വേണ്ടിയാണ് വ്യാജ ബോംബ് സന്ദേശം ഇയാള്‍ സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞതെന്ന് പൊലിസ് പറഞ്ഞു.