ഇന്ത്യയുടെ അഭിമാനമായിരുന്ന മാധ്യമ പ്രവർത്തകനായിരുന്നു ഡാനിഷ് സിദ്ധീഖി. അയാളുടെ കാമറയിൽ പതിഞ്ഞത് കേവലം ചിത്രങ്ങളായിരുന്നില്ല. ചരിത്രത്തെ പിടിച്ചു നിർത്തിയ നിമിഷങ്ങളായിരുന്നു. അധികാരികളുടെ കണ്ണ് തുറപ്പിച്ച പോരാട്ടങ്ങളായിരുന്നു. ഓരോ ക്ലിക്കിനും രക്തത്തിന്റെ, ജീവന്റെ വിലയുണ്ടായിരുന്നു. മനുഷ്യരുടെ വ്യഥകളുടെ തുറന്നു പറച്ചിലായിരുന്നു ഡാനിഷിന്റെ വിരലുകൾ അമർന്നപ്പോൾ പിറന്നത്.
സാധാരണക്കാരന്റെ ജീവിത സ്പന്ദനങ്ങൾ അടയാളപ്പെടുത്തിയ ഡാനിഷ് സിദ്ധീഖി അപ്രതീക്ഷിതമായാണ് വിടവാങ്ങിയത്. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഔദ്യോഗിക സേനയും താലിബാൻ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് കൊല്ലപ്പെട്ടത്. റോഹിങ്ക്യൻ അഭയാർത്ഥികളുടെ ദുരിതം ലോകത്തിന് മുന്നിൽ കാണിച്ചതിനായിരുന്നു അദ്ദേഹത്തിന് പുലിറ്റ്സർ പുരസ്‌കാരം ലഭിച്ചത് നേപ്പാൾ ഭൂകമ്പം, കോവിഡ് മഹാമാരി, പൗരത്വ സമരം, കർഷക സമരം തുടങ്ങി നിരവധി വിഷയങ്ങൾ ഡാനിഷ് പകർത്തി. അവയിൽ ചിലത്…
മ്യാന്മറിൽ നിന്നും അതിർത്തി കടന്ന് ബംഗ്ലാദേശിലെത്തിയ അഭയാർത്ഥി വനിത. ഈ ചിത്രം ഉൾപ്പെടുന്ന സീരിസിനാണ് പുലിറ്റ്സർ പുരസ്‌കാരം ലഭിച്ചത്.
കോവിഡ് രണ്ടാം തരംഗം രാജ്യതലസ്ഥാനത്ത് ആഞ്ഞടിച്ചപ്പോൾ അധികാരികളുടെ കണ്ണ് തുറപ്പിച്ച ചിത്രം. ശ്മാശാനങ്ങൾ ഒഴിവില്ലാതെ വന്നപ്പോൾ മൃതദേഹങ്ങൾ ഒരുമിച്ച് കത്തിക്കുന്നതിന്റെ ദൃശ്യം
കർഷക വിരുദ്ധ നിയമത്തിനെതിരെ മോദി സർക്കാരിനെതിരെ നടന്ന കർഷക പ്രക്ഷോഭത്തിന്റെ പഞ്ചാബിൽ നിന്നുള്ള ദൃശ്യം.
കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചപ്പോൾ പലായനം ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ. ഉത്തർ പ്രദേശിൽ നിന്നുള്ള ദൃശ്യം.
കോവിഡ് രണ്ടാം തരംഗം പടർന്നുപിടിക്കുന്നതിനിടയിൽ പ്രോട്ടോകോൾ ലംഘിച്ച് നടത്തിയ കുംഭമേളയുടെ ചിത്രം.
തന്റെ ജന്മനാടായ മുബൈ നഗരത്തിലെ ജന്മാഷ്ടമി ആഘോഷത്തിൽ നിന്നും ഡാനിഷ് സിദ്ധീഖി പകർത്തിയത്
നേപ്പാൾ ഭൂകമ്പ സമയത്ത് ദിവസങ്ങളോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യുവാവിനെ പുറത്തെടുക്കുന്നു. 2015 നേപ്പാൾ ഭൂകമ്പ സമയത്തെടുത്ത ചിത്രങ്ങൾ മിക്കവയും വലിയ ശ്രദ്ധ നേടിയിരുന്നു.
ഷാരൂഖ് ഖാൻ – കജോൾ ജോഡികളുടെ ദിൽവാലെ ദുൽഹനിയ ലെ ജായേങ്കെ സിനിമ ആസ്വദിക്കുന്നവർ. റോയിറ്റേഴ്‌സിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി ഇത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മുംബൈയിലെ ചേരികളിൽ ഒന്നിൽ പൊങ്കാലയർപ്പിക്കുന്ന വിശ്വാസികൾ.
അഭയാർഥികളുടെ ബോട്ട് മുങ്ങി മരണപ്പെട്ട 40 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയെടുത്ത് കരയുന്ന റോഹിൻങ്ക്യൻ യുവതി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന സമരത്തിനെതിരെ സംഘപരിവാർ അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ ഒന്ന്