ഇന്ത്യൻ യാത്രക്കാരുടെ വീസ അപേക്ഷകള്‍ വീണ്ടും സ്വീകരിക്കാന്‍ ഒരുങ്ങി ഐസ്ലന്ഡും ജര്‍മനിയും. ഇതിനായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള വീസ കേന്ദ്രങ്ങളില്‍ വീണ്ടും പ്രവർത്തനം ആരംഭിച്ചു. കൊറോണ വൈറസ് ബാധ മൂലം ഇരുരാജ്യങ്ങളും താല്‍ക്കാലികമായി ഇന്ത്യക്കാര്‍ക്കുള്ള വീസ നിര്‍ത്തലാക്കിയിരുന്നു.
ഐസ്ലന്‍ഡിലേക്കുള്ള ഷെങ്കന്‍ വീസക്കായി ആകെ ഒന്‍പതു അപേക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. ന്യൂഡല്‍ഹി, ചണ്ഡിഗഡ്, ഗോവ, കൊൽക്കത്ത, ബെംഗളൂരു,മുംബൈ, പൂനെ, ചെന്നൈ എന്നിവയ്ക്കൊപ്പം കേരളത്തിലെ കൊച്ചിയിലും അപേക്ഷിക്കാനാവും. നയതന്ത്ര, സര്‍വീസ്, ഔദ്യോഗിക പാസ്പോർട്ടുകൾ കൈവശമുള്ള അപേക്ഷകർ, ഇ.യു / ഇ.ഇ.എസ് പൗരന്മാരുടെ കുടുംബാംഗങ്ങൾ, അഡോപ്ഷന്‍ ഏജൻസി വഴി അപേക്ഷിക്കുന്നവർ എന്നിവർ ഡല്‍ഹിയിലെ ഡെൻമാർക്ക് എംബസിയിൽ അപേക്ഷിക്കണം.
ഇന്ത്യയിലെയും യുഎസിലെയും അപേക്ഷകർക്ക് പാസ്പോർട്ടുകളും മറ്റ് അനുബന്ധ രേഖകളും സഹിതം അപേക്ഷാ സ്ഥലത്ത് എത്തുന്നതിനു മുമ്പായി, ഡയറക്ടറേറ്റ് ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റ് ആയ visa.government.is ൽ ഒരു ഇലക്ട്രോണിക് അപേക്ഷ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം.
ഐസ്ലന്‍ഡിനു പുറമേ ജർമനിയും ഇന്ത്യക്കാര്‍ക്കുള്ള വീസ അപേക്ഷ പുനരാരംഭിച്ചു. ഇതിനായി കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്ന വീസ അപേക്ഷാ കേന്ദ്രം വീണ്ടും തുറന്നിരിക്കുകയാണ്. സ്റ്റുഡൻറ് വീസ അടക്കമുള്ളവ , കാറ്റഗറി സി വിഭാഗക്കാര്‍ എന്നിവര്‍ക്കായുള്ള ഡി വീസകൾ ഇപ്പോള്‍ കൊൽക്കത്തയിലെ വിഎഫ്എസ് ഗ്ലോബല്‍ ജർമൻ വീസ അപേക്ഷാ കേന്ദ്രത്തില്‍ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രാ വിലക്ക് നീക്കുന്നതുവരെ ഡി വീസ അപേക്ഷകളുടെ നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് വിഎഫ്എസ് ഗ്ലോബൽ അറിയിച്ചിട്ടുണ്ട്. മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥികള്‍, ഗസ്റ്റ് സയന്റിസ്റ്റ്, റിസര്‍ച്ചര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ അപേക്ഷകൾ സമർപ്പിക്കാം.
നിലവിലെ കൊറോണ വൈറസ് സാഹചര്യം പരിശോധിച്ച ശേഷം, നോർവേയും ഇന്ത്യയിലെയും ശ്രീലങ്കയിലെയും വീസ അപേക്ഷാ കേന്ദ്രങ്ങൾ വീണ്ടും തുറന്നു. മുംബൈ (സൗത്ത്), ബെംഗളൂരു (ഇന്ത്യ) എന്നിവിടങ്ങളിലെ നോർവേ വീസ അപേക്ഷാ കേന്ദ്രങ്ങൾ 2021 ജൂൺ 21 മുതൽ വീസ സ്റ്റാമ്പിംഗ് സേവനങ്ങൾ പുനരാരംഭിക്കും.
മുംബൈയിലെ വീസ കേന്ദ്രം എല്ലാ ബുധനാഴ്ചയും രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെയും ബെംഗളൂരുവിലേത് എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയും പ്രവർത്തിക്കുമെന്ന് വിഎഫ്എസ് ഗ്ലോബൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.