ന്യൂ ഡല്‍ഹി: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പുന:സംഘടന ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതുതായി മന്ത്രിസഭയിലെത്തുന്ന 43 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് 11 മന്ത്രിമാര്‍ പുറത്തായി. ഇവര്‍ ഇപ്പോള്‍ രാഷ്ട്രപതി ഭവനിലേക്ക് പോവുകയാണ്. സത്യപ്രതിജ്ഞ ഉടന്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അമ്പത് പേര്‍ക്ക് മാത്രമാകും പ്രവേശനം അനുദവിക്കുക. പുനസംഘടനയില്‍ മലയാളിയായ വി മുരളീധരന് സ്വതന്ത്ര ചുമതല നല്‍കിയേക്കുമെന്നാണ് സൂചനകള്‍.
അതേസമയം, മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ എന്നിവരാണ് രാജിവെച്ചത്. ആരോഗ്യപരമായ കാണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്തില്‍ അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയിലെത്തും. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരാവും. ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്ന് പശുപതി പരസിനും അപ്നാ ദളില്‍ നിന്ന് അനുപ്രിയ പട്ടേലും, നിഷാദ് പാര്‍ട്ടിയുടെ സഞ്ജയ് നിഷാദും മന്ത്രിസഭയിലെത്തും.