തിരുവനന്തപുരം: കേരളം കോവിഡിനെതിരെ സാമൂഹിക പ്രതിരോധം നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്സിൻ ക്ഷാമമില്ലെങ്കിൽ മൂന്നോ നാലോ മാസത്തിനകം കേരളം കോവിഡ് പ്രതിരോധം നേടുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ മൊത്തം ജനസംഖ്യയുടെ 40 ശതമാനം ആളുകൾക്ക് ആദ്യത്തെ ഡോസും 12 ശതമാനം ആളുകൾക്ക് രണ്ടു ഡോസുകളും നൽകാൻ സാധിച്ചു. 1,07,05,024 പേർക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 31,57,435 പേർക്ക് രണ്ടു ഡോസുകളും നൽകി.
1,38,62,459 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,36,218 പേർക്ക് ആദ്യ ഡോസും 4,26,853 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകരിൽ 5,51,272 പേർക്ക് ആദ്യ ഡോസും 4,29,737 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.
45 വയസിനു മുകളിലുള്ള 78,12,226 പേർക്ക് ആദ്യ ഡോസും 22,76,856 പേർക്ക് രണ്ടു ഡോസുകളും നൽകി. 18 മുതൽ 44 വയസു വരെയുള്ള 18,05,308 പേർക്ക് ആദ്യ ഡോസും 23,989 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു.25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി ആയിരിക്കും വിതരണം ചെയ്യുക എന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നെങ്കിലും കേന്ദ്ര സർക്കാർ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേക്കു വാക്സിൻ വിതരണം ചെയ്യപ്പെടുന്നില്ല. നിലവിൽ അവർ മറ്റു ഏജൻസികൾ വഴിയാണ് വാക്സിൻ വാങ്ങി വിതരണം ചെയ്യുന്നത്.ഇത്തരത്തിൽ വാക്സിൻ ലഭ്യതയിൽ രാജ്യമൊന്നാകെ നിലവിൽ നേരിടുന്ന പ്രതിസന്ധി പരിഹരിച്ചാൽ മാത്രമേ സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.