കൊൽക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗൺ പശ്ചിമ ബംഗാളിൽ ജൂലൈ 15 വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച നിയനന്ത്രണങ്ങൾ വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ലോക്ഡൗൺ നീട്ടാൻ ഇന്ന് മമത സർക്കാർ ഉത്തരവിറക്കിയത്. ഇളവുകളോടെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്.
രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാല് മണി വരെ സ്വകാര്യ സർക്കാർ ഓഫീസുകൾക്ക് പ്രവർത്തിക്കാം. 50 ശതമാനം ഹാജർ നിലയിലാണ് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവർത്തിക്കാം.
50 ശതമാനം ആളുകളുമായി സ്വകാര്യ പൊതു ബസ് സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ഡ്രൈവർമാരും കണ്ടക്ടർമാരും വാക്സിനെടുത്തിരിക്കണം എന്ന് നിർബന്ധമുണ്ട്. 50ശതമാനം ആളുകളെ ഉൾക്കൊള്ളിച്ച് സലൂണുകൾക്കും ബ്യൂട്ടീപാർലറുകൾക്കും ജിമ്മുകൾക്കും തുറക്കാൻ അനുമതിയുണ്ട്.