കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. ഉച്ചക്ക് ഒന്നര മുതൽ അർജുൻ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കസ്റ്റംസ് പ്രിവൻ്റിവ് ഓഫീസ് സൂപ്രണ്ട് വിവേകിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പല ചോദ്യങ്ങൾക്കും അർജുൻ ആയങ്കിക്ക് ഉത്തരം നൽകാനായില്ല. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
സ്വർണക്കടത്തിലെ കാരിയറായ ഷെഫീഖിൻ്റെ മൊഴിയാണ് അർജ്ജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വ൪ണ്ണ൦ അ൪ജ്ജുനെ ഏൽപിക്കാനായിരുന്നു നിർദ്ദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജ്ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി. നാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന അർജ്ജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജ്ജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.
രാമനാട്ടുകരയില്‍ അഞ്ച് പേര് കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്ജുന് ആയങ്കിയിലേക്കും എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി അര്ജുന് ആയങ്കിയോട് ഹാജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്.
നേരത്തെ, അറസ്റ്റിനു സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കുന്നില്ലെന്നും അർജുൻ്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അറസ്റ്റ് ഉണ്ടായാൽ മറ്റ് കാര്യങ്ങൾ ചെയ്യുമെന്നും അഭിഭാഷൻ പ്രതികരിച്ചിരുന്നു.