തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന് അംഗം ഷാഹിദ കമാലിനെതിരെ പരാതി. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സര്‍ക്കാരിനെ വഞ്ചിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന് ആണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യതകള്‍ അവകാശപ്പെടുകയും അത് വഴി ജനങ്ങളെയും സര്‍ക്കാരിനെയും തെറ്റിധരിപ്പിക്കുകയാണ് ഷാഹിദാ കമാലെന്നും പരാതിയില്‍ ആരോപിക്കുന്നു.
2009 ലും 2011 ലും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ നല്കിയ സത്യവാങ്മൂലത്തിലും ബികോം ബിരുദം മാത്രമാണ് തന്റെ വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ സൂചിപ്പിച്ചിരിക്കുന്നത്. പക്ഷേ 1987- 90 കാലത്ത് അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ ബികോം പഠിച്ചെങ്കിലും പരീക്ഷ പാസായില്ലെന്ന് പിന്നാലെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ഷാഹിദ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നും അവകാശപ്പെടുന്നു.
എന്നാല്‍ ഏതു വര്‍ഷമാണ് ഈ ബിരുദങ്ങള്‍ നേടിയതെന്നോ ഏതു സര്‍വകലാശാലയില്‍ നിന്നാണ് ബിരുദമെന്നോ വീഡിയോയില്‍ ഷാഹിദ വിശദീകരിച്ചിട്ടില്ല. ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് തനിക്ക് ഡിലിറ്റ് ബിരുദം ലഭിച്ചതെന്നാണ് ഷാഹിദയുടെ വിശദീകരണം.