തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നാളെ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് ഒരു വിധത്തിലും തടസ്സം ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള സർവകലാശാല ബിരുദപരീക്ഷകൾ നാളെയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയുമാണ് ആരംഭിക്കുന്നത്. ബി.എസ്സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് നടക്കുക. സർവകലാശാലാപരിധിയിലുള്ള കോളജുകളിൽ വിദ്യാർഥികൾക്ക് വീടിനടുത്തുള്ള കോളജിൽ പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് പരീക്ഷകൾക്ക് നാളെ തുടക്കമാകുന്നത്. രോഗവ്യാപനം കൂടൂന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. വാക്സീൻ എല്ലാവർക്കും ലഭിച്ചില്ലെന്നതടക്കമുള്ള ആശങ്കകളാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും പങ്ക് വെക്കുന്നത്. എന്നാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നുമാണ് സർവ്വകലാശാലകൾ അറിയിക്കുന്നത്.
ഇതര സർവകലാശാലകളിലും തിങ്കളാഴ്ച പരീക്ഷ തുടങ്ങാനാണ് നിർദേശം. അതേസമയം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലടക്കം ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാർഥികള്‍ക്ക് ഇന്ന് എത്താന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച നിയന്ത്രണം കാരണം പല സ്ഥലങ്ങളിലും ബസ് കിട്ടാത്തതാണ് പ്രശ്നം.
ബിരുദ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കേന്ദ്രത്തിലെത്താന്‍ വാഹനസൗകര്യമൊരുക്കുമെന്ന് ഡിവൈഎഫ്ഐയും അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പൊതുഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് സൗകര്യമൊരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് മാറ്റിയ പരീക്ഷകളാണ് വൈകി തുടങ്ങുന്നത്.