തിരുവല്ലൂര്‍: സ്ത്രീധന പീഡനത്തെതുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ചു. തമിഴ്നാട്ടിലെ തിരുവല്ലൂര്‍ സ്വദേശിയായ ജ്യോതിശ്രീയാണ് പീഡനം സഹിക്കാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്ന വിവരം വീഡിയോ സന്ദേശമായി ബന്ധുക്കള്‍ക്ക് അയച്ച ശേഷം ആത്മഹത്യ ചെയ്തത്.
തന്റെ മരണത്തിന് കാരണക്കാർ ഭർത്താവും അമ്മായിയമ്മയുമാണെന്നാണ് ജ്യോതിശ്രീ വിഡിയോയിലൂടെ പറഞ്ഞത്. കരഞ്ഞ്, കരഞ്ഞ് കണ്ണുനീർ ഇല്ലാതായി. വിവാഹം കഴിഞ്ഞതു മുതൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായ പീഡനമാണ് അനുഭവിക്കുന്നത്. തന്റെ മനോനില ശരിയല്ലെന്നാണ് ഭർതൃ വീട്ടുകാർ പറയുന്നതെന്നും ജ്യോതിശ്രീ വിഡിയോയിൽ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 25നായിരുന്നു തിരുമുള്ളവയൽ സ്വദേശിയായ ബാലമുരുകനുമായുള്ള ജ്യോതിശ്രീയുടെ വിവാഹം. 60 പവൻ സ്വർണവും 25 ലക്ഷം രൂപയുമാണ് സ്ത്രീധനമായി ഇരു വീട്ടുകാരും പറഞ്ഞുറപ്പിച്ചിരുന്നത്. സ്വർണം നൽകിയെങ്കിലും പറഞ്ഞ തുക നൽകാൻ സാധിച്ചില്ല. ഇതിന്റെ പേരിലായിരുന്നു പീഡനം. സംഭവത്തെക്കുറിച്ച് ജ്യോതിശ്രീ മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നെങ്കിലും സഹിച്ചു നിൽക്കാനായിരുന്നു ഉപദേശം.
ആത്മഹത്യയ്ക്ക് ശേഷം ജ്യോതിയുടെ ആത്മഹത്യകുറിപ്പും, ഫോണിലെ വീഡിയോകളും ഭര്‍തൃവീട്ടുകാര്‍ നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. എന്നാല്‍ ഒരു വീഡിയോ സന്ദേശം ജ്യോതി നേരത്തെ തന്നെ ബന്ധുക്കള്‍ക്ക് അയച്ചത് തെളിവായി. തിരുമുല്ലയ്വയ് പൊലീസ് ജ്യോതിയുടെ ഭര്‍ത്താവ് ബാലമുരുകന്, ഇയാളുടെ അമ്മ, സഹോദരന് എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കല്‍, സൈബര്‍ ക്രൈം വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസ്. ബാലമുരുകനെയും മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.