തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ വീണ്ടും കൂടാൻ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കോവിഡ് വ്യാപനം കൂടിയ മേഖലകളിൽ പത്ത് മടങ്ങ് വരെ പരിശോധന നടത്തിയിട്ടും തുടർച്ചയായ 5 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിൽ തന്നെയാണ്.
കോവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന വിലയിരുത്തലുകൾക്കിടെയാണ് അതിന് മുൻപ് തന്നെ കേസുകൾ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പ്. നേരത്തേ നടന്ന സീറോ സർവ്വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ച് ശതമാനം പേരിൽ മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ഇനിയും ബാധിക്കാൻ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതൽ. ഇളവുകളും ഇതിനിടയിൽ സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ ഡെൽറ്റ പ്ലസ് വകഭേദവും ആശങ്കയ്ക്കിടയാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.