കോഴിക്കോട്: വടകരയിൽ രണ്ട് സിപിഎം നേതാക്കൾ പാർട്ടി പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി.പി. ബാബുരാജുവിനും ഡിവൈഎഫ്ഐ പതിയാക്കര മേഖലാ സെക്രട്ടറി ടി.പി. ലിജീഷിനുമെതിരെയാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതി പരാതി നൽകിയിരുന്നത്.
പരാതിയിൽ പോലീസ് കേസെടുത്തു. ബലാത്സംഗം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഭർത്താവും രണ്ട് മക്കളുമുള്ള യുവതിയാണ് പരാതിക്കാരി.
അതേസമയം ആരോപണവിധേയരായ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി.പി.എം വടകര ഏരിയ സെക്രട്ടറി ഗോപാലന് മാസ്റ്റര്‍ അറിയിച്ചു.
മൂന്ന് മാസം മുന്‍പാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പതിനൊന്ന് മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചു. സംഭവം ഭര്‍ത്താവിനേയും നാട്ടുകാരേയും അറിയിക്കും എന്നു പറഞ്ഞതിനെ തുടര്‍ന്നും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് ഡി.വൈ.എഫ്.ഐ നേതാവ് ലിജീഷ് വീട്ടമ്മയുടെ വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങള്‍ തനിക്കറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കും എന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് മാനസികമായും ശാരീരികമായും തകര്‍ന്ന ഇവര്‍ ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിനു ശേഷമാണ് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.