തിരുവനന്തപുരം: അര്ജുന് ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സി.സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ചെമ്പിലോട് മേഖലാ സെക്രട്ടറിയാണ് സജേഷ്. സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിനാണ് നടപടി.
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വലിയ വാർത്തയായതോടെയാണ് ഡിവൈഎഫ്ഐ നടപടി സ്വീകരിച്ചത്. തന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ സ്വർണ്ണക്കടത്ത് ക്വട്ടേഷന്‍ കാറ് കൊണ്ടുപോയത് എന്ന് കാട്ടി സജേഷ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം.
സിപിഎമ്മിന്റേയും സർക്കാരിന്റേയും പരിപാടികൾ ദൈനംദിനെ എന്നോണം ഫേസ്ബുക്കടക്കം നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയുടേയും അടക്കം പങ്ക് പുറത്ത് വന്നതോടെ ഇവരെ തള്ളി സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തി.അപരമുഖം സ്വീകരിച്ച അജ്ഞാത സംഘങ്ങൾ ആണ് കള്ളക്കടത്തിന് പിന്നിലെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പ്രതികരിച്ചത്. ഇവരുടെ വേര് കണ്ടെത്താൻ ഡിവൈഎഫ്ക്ക് പോലും കഴിഞ്ഞിട്ടില്ലെന്നും ഇത്തരം ഫാൻസ് ക്ലബുകാർ പിരിഞ്ഞ് പോകണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.