തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കോവിഡ് മൂന്നാം തരംഗം നേരിടുന്നതിനുളള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തണം. കുട്ടികളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാര്‍ഡുകളില്‍ പരമാവധി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. ജില്ലാ ആശുപത്രിയിലും വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
ജില്ലയില്‍ ഡെല്‍റ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി പഞ്ചായത്തുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതാണ്. വൈറസ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത കൈവിടരുത്. വാക്സിനേഷന് കൂട്ടണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഒരു ദിവസം 50,000 ഡോസ് വരെ കുത്തിവെപ്പ് എടുക്കുന്നതിന് ജില്ല പര്യാപ്തമാണ്. ട്രൈബല്‍ മേഖലയില്‍ വാക്സിനേഷന് നല്ല രീതിയില്‍ നടക്കുന്നുണ്ട്. 82 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. പ്രവാസികള്‍ക്ക് പ്രത്യേക വാക്സിനേഷന് ക്യാമ്പ് സജ്ജമാക്കുന്നതിനും മറ്റു സംസ്ഥാനങ്ങളില്‍ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്കി വാക്സിനേഷന് നടത്താനും മന്ത്രി നിര്‍ദേശിച്ചു.
ജില്ലാ ആശുപത്രിയില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കോവിഡ് ബാധിതരല്ലാത്ത രോഗികളെ കൂടി ചികിത്സിക്കാന്‍ നടപടിയെടുക്കേണ്ടതാണ്. കൂടാതെ പിഎച്ച്സികളിലും സിഎച്ച്സികളിലും ഇതിനായി ചികിത്സാസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിശോധന വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഗർഭിണികൾക്ക് വാക്സിൻ നൽകാനുള്ള മാർഗ നിർദേശങ്ങൾ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കേരളമുൾപ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്. ഡല്‍ഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാൾ , കേരളം എന്നീ സംസ്ഥാനങ്ങളിൽ ആണ് ഡെൽറ്റ വകഭേദത്തിന്റെ 50 ശതമാനത്തിൽ അധികവും ഉള്ളതെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.