കൊച്ചി: ആയിഷ സുല്‍ത്താന ക്വാറന്റീന് നിയമങ്ങള്‍ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ആയിഷ പാലിച്ചില്ല. കോടതി നല്കിയ ഇളവുകള്‍ ദുരുപയോഗം ചെയ്തെന്നും ദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകളും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ബന്ധുക്കള്‍ ആശുപത്രിയിലായതിനാല്‍ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ആയിഷ സുല്‍ത്താന പോലിസിനോട് ആവശ്യപ്പെട്ടു. ഇതിനുശേഷം ചോദ്യം ചെയ്യലിനുശേഷം കവരത്തി പോലിസ് അറസ്റ്റ് രേഖപ്പെടുത്താതെ അവരെ വിട്ടയക്കുകയായിരുന്നു. കൊച്ചിയിലേക്ക് മടങ്ങാമെന്നും പൊലിസ് ആയിഷയെ അറിയിച്ചിട്ടുണ്ട്. മൂന്ന് തവണ ചോദ്യം ചെയ്ത ശേഷമാണ് വിട്ടയക്കുന്നത്. അതേസമയം, ആയിഷയുടെ സാമ്പത്തിക ഇടപാടുകളും ഫോണ്‍ കോള്‍ വിവരങ്ങളും പോലിസ് പരിശോധന തുടങ്ങി.
ബിജെപി ലക്ഷദ്വീപ് ഘടകം നല്കിയ പരാതിയിലാണ് ആയിഷക്കെതിരേ രാജ്യദ്രോഹ കേസെടുത്തത്. ലക്ഷദ്വീപിലെ കോവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ആയിശ പറഞതാണ് കേസിനാസ്പദമായ സംഭവം.