സ്ത്രീയും സ്ത്രീധനവും നിയമ പരിരക്ഷയും

തൊണ്ണൂറുകളില്‍ കേരളത്തിന്‍റെ അടുക്കളകളില്‍ സ്റ്റൗ പൊട്ടിത്തെറിച്ച് മരിച്ചു വീണ സ്ത്രീകളിലധികവും ഭർതൃഗൃഹങ്ങളിൽ സ്ത്രീധനത്തിന്റെ പേരിൽ അരങ്ങേറിയ കൊടിയ പീഡനങ്ങളുടെ രക്തസാക്ഷികളാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.  സ്ത്രീശാക്തീകരണത്തെപ്പറ്റിയും സ്ത്രീസമത്വത്തെപ്പറ്റിയും നിരന്തരം  ബോധവൽക്കരിക്കപ്പെടുന്ന 2021ലും സ്ഥിതിഗതികൾ സാരമായി മാറിയിട്ടില്ലെന്നാണ് സമീപ ദിവസങ്ങളിൽ നാം കടന്നുപോയ വാർത്തകൾ വ്യക്തമാക്കുന്നത്. 

കേരളത്തിന് അപമാനമായി സ്ത്രീധനത്തിന്റെ പേരിൽ രക്തസാക്ഷിത്വം വഹിക്കുന്ന യുവതികളുടെ പട്ടിക നീളുകയാണ്. നിയമ പരിരക്ഷകൾ നിലവിലുണ്ടെങ്കിലും സ്ത്രീധനം കൊടുക്കലും വാങ്ങലും വിവാഹ മാർക്കറ്റിൽ ഒരു അപ്രഖ്യാപിത ഉടമ്പടിയായി ഇന്നും തുടരുന്നു. കെട്ടിച്ചയക്കുന്ന വീട്ടിൽ മക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ഭീമമായ തുകയും ലക്ഷ്വറി കാറുകളും സൗകര്യങ്ങളും നൽകി ആത്മസംതൃപ്തി കൊള്ളുന്ന രക്ഷിതാക്കൾക്കും ഈ ദൗർഭല്യം മുതലെടുത്ത് ഘനമുള്ള സ്വപ്‌നങ്ങൾ കാണുന്ന ചെറുക്കനും വീട്ടുകാർക്കും ഇന്നും പഞ്ഞമില്ല. ഉടമ്പടി പ്രകാരമുള്ള ഇടപാടിൽ മാറ്റമുണ്ടായാൽ കെട്ടുതാലി മരണക്കുരുക്കാകും. ഉത്ര, പ്രിയങ്ക, വിസ്മയ, അർച്ചന അങ്ങനെ അങ്ങനെ അറ്റമില്ലാതെ നീളുന്ന ‘കൊലപാതക’ കഥകളാണ് ഇതിന്റെ ഫലം. ഒരോ സ്ത്രീധന പീഡനങ്ങളും, അത് മൂലം ഉണ്ടാകുന്ന മരണങ്ങളും ചര്‍ച്ചയാകുമ്പോൾ മാത്രം പഴുതുകൾ പരിശോധിക്കപ്പെടുന്ന വിഷയമാണ് ‘സ്ത്രീധന നിരോധന നിയമം’. ഈ നിയമത്തിന്‍റെ സംരക്ഷണം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് സ്ത്രീധനം എന്ന ഏര്‍പ്പാട് സര്‍വ്വസാധാരണമാകുകയും  അതിന്‍റെ പേരില്‍ ദാരുണമായ മരണങ്ങള്‍ നടക്കുകയും ചെയ്യുന്നതെന്നാണ് ഈ ഘട്ടത്തിൽ അവലോകനം ചെയ്യപ്പെടേണ്ടത്.

സ്ത്രീധന നിരോധന നിയമവും വ്യവസ്ഥകളും
ഇന്ത്യന്‍ ചരിത്രത്തില്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തില്‍ പാസാക്കിയ മൂന്ന് ബില്ലുകളെയുള്ളൂ, അതില്‍ ഒന്നാണ് 1961ലെ സ്ത്രീധന നിരോധന നിയമം. 1984 ല്‍ നിയമത്തിൽ ചില ഭേദഗതികളും വന്നിരുന്നു. ഈ നിയമപ്രകാരം സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് നിയമം സ്ത്രീധനമായി കണക്കാക്കുന്നത്. വിവാഹച്ചിലവിലേക്ക് കൊടുക്കുന്ന തുകയും സ്ത്രീധനമാണ്. എന്നാൽ ആരും ആവശ്യപ്പെടാതെ വധൂ വരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾ ഇതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല. ഭാവിയിൽ വിവാഹമോചന സമയത്തും മറ്റും തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കുവാനായി വധൂ വരന്മാർക്ക് ലഭിക്കുന്ന വസ്തു വഹകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഇരുവരും അതിൽ ഒപ്പുവച്ച് ആയത് സൂക്ഷിക്കേണ്ടതാണെന്നും  നിയമം നിഷ്കർഷിക്കുന്നു. നിയമപ്രകാരം സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടിയുള്ള കാരാറുകൾ നിലനില്‍ക്കില്ല.
സ്ത്രീധന നിരോധന നിയമത്തിനു കീഴിൽ  കുറ്റംചുമത്തിയ വ്യക്തിക്ക് ശിക്ഷ ലഭിക്കുക ഐപിസി പ്രകാരമാണ്. ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 498 എ- സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനം, 304ബി- സ്ത്രീധനത്തെ ചൊല്ലിയുള്ള മരണം, വകുപ്പ് 406- സ്ത്രീധനപീഡനം മൂലമുള്ള ആത്മഹത്യയ്ക്കുള്ള പ്രേരണാകുറ്റം എന്നിവയാണ് ചുമത്തപ്പെടുന്നത് . സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനോ കൊടുക്കുന്നതിനോ പ്രേരിപ്പിക്കുന്നതും ചുരുങ്ങിയത് 5 കൊല്ലത്തേയ്ക്കുള്ള തടവിനും 15000 രൂപയോ സ്ത്രീധന തുകയോ, ഇതില്‍ ഏതാണ് കൂടുതല്‍, ആ തുകയ്ക്കുള്ള പിഴയ്ക്കും ബാധകമായ കുറ്റങ്ങളാണ്. സ്ത്രീധനം ആവശ്യപ്പെട്ടാല്‍ 6 മാസം മുതല്‍ 2 വര്‍ഷം വരെനീട്ടാവുന്ന തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 10000 രൂപ പിഴയും ലഭിക്കാം. മാധ്യമങ്ങളിലൂടെ സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പരസ്യം ചെയ്താൽ 6 മാസം മുതല്‍ 5 വര്‍ഷം വരെ നീട്ടാവുന്ന തടവുശിക്ഷയോ 15000 രൂപ വരെ പിഴയോ ലഭിക്കാവുന്നതാണ്. സ്ത്രീധന തുക വധുവിന്‍റെ പേരില്‍ നിര്‍‌ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയപരിധിയ്ക്കുള്ളില്‍ തിരിച്ച് നല്‍കിയില്ലെങ്കില്‍ 6 മാസം മുതല്‍ 2 വര്‍ഷംവരെയുള്ള തടവോ  5000 രൂപ മുതല്‍ 10000 രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയുള്ള ശിക്ഷയോ അനുഭവിക്കേണ്ടിവരും. സ്ത്രീധന സംബന്ധമായുള്ള കേസ് കോടതിയില്‍ വന്നാല്‍ കുറ്റവിമുക്തനാക്കുന്നതിന് വേണ്ട തെളിവുകള്‍ നല്‍കുന്നതിനുള്ള ബാധ്യത ആരോപണവിധേയനായ വ്യക്തിയുടേതാണ്.
കൊടുക്കുന്നവരും വാങ്ങുന്നവരും ഒരു പോലെ പ്രതികളാകുന്ന നിയമം എന്നതിനാൽ ആരാണ് പരാതി നല്‍കുക എന്നതാണ് ഈ നിയമം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പലപ്പോഴും സ്ത്രീധനമായി നല്‍കുന്ന തുക തങ്ങളുടെ മക്കളുടെ ഭാവിയിലേക്കുള്ള തുകയായി കണക്കാക്കുന്ന മാതാപിതാക്കൾ അത് ഒരു ദുരന്തകാരണമാകുമ്പോഴാണ് ഗൗരവം മനസിലാക്കുന്നത്. വിവാഹ നടത്തിപ്പിന്‍റെ കെട്ടിലും മട്ടിലും, വധുവിന്‍റെ ആഭരണത്തിന്‍റെ അളവിലും, കല്ല്യാണ സ്ഥലത്ത് അലങ്കരിച്ച് നിര്‍ത്തിയ പുത്തന്‍കാറിലും അന്തസ്സ് കണ്ടെത്തുന്ന ഒരു വിഭാഗം വംശനാശം വരാതെ ഇന്നും നിലനിൽക്കേ സ്ത്രീധനം കൊടുക്കലും വാങ്ങലും ഒരു ക്രിമിനല്‍ കുറ്റമായി പരിഗണിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. ഒരു പെണ്‍കുട്ടിയുടെ മരണം നടന്നാല്‍ അതിനു കാരണമായോ, പ്രേരണയായോ ചേര്‍ക്കുന്ന ഐപിസി വകുപ്പുകള്‍ക്ക് ബലം പകരാനുള്ള കുറ്റങ്ങളായി സ്ത്രീധന നിരോധന നിയമം ചുരുങ്ങുന്നതായാണ് ഇന്ന് കാണാൻ സാധിക്കുന്നത്. നിയമത്തിലെ 8ബി വകുപ്പനുസരിച്ച് ഒരോ സംസ്ഥാനവും ഒരു ‘ഡൌറി പ്രൊഹിബിഷന്‍ ഓഫീസറെ’ നിയമിക്കണം എന്ന് പറയുന്നുണ്ട്. എന്നാല്‍ ഇതുവരെ ആ രീതിയില്‍ രാജ്യത്തെ ഒരു സംസ്ഥാനവും നീങ്ങിയിട്ടില്ല. 2017 ജൂലൈയില്‍ സ്ത്രീധന പീഡന കേസിലെ അറസ്റ്റ് സംബന്ധിച്ച് ലഘൂകരണം നടത്തുന്ന  രീതിയില്‍ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2018 സെപ്തംബറില്‍ സുപ്രീംകോടതിക്ക് തന്നെ അത് തിരുത്തേണ്ടി വന്നു.
സ്ത്രീധന നിരോധന നിയമം കേരളത്തിൽ
ഇന്ത്യയിൽ 1961ൽ നിലവിൽ വന്ന സ്ത്രീധന നിരോധന നിയമത്തിൽ 1992ഓടുകുടി സംസ്ഥാന സർക്കാർ ചട്ടങ്ങൾ രൂപീകരിക്കുകയും 2004-ൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചട്ടം പരിഷ്കരിക്കുകയും ചെയ്തിരുന്നു. എന്നാലും നമ്മുടെ നാട്ടിൽ സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ല. സ്തീധന നിരോധന നിയമം നടപ്പാക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് 2018-ൽ ഭരണപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ഒന്നാം പിണറായി സർക്കാർ പുതിയ പദ്ധതിക്ക് രൂപം നൽകിയിരുന്നു. വരുന്ന അഞ്ച് വർഷം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂർണമായും നിർമാർജനം ചെയ്യുക എന്നതാണ് അന്ന് വനിത-ശിശു വികസവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്ന ലക്ഷ്യം. എല്ലാ ജില്ലകളിലും സ്ത്രീധന നിരോധന ഓഫീസർമാരെ നിയമിക്കാനും വകുപ്പ് തയ്യാറെടുത്തിരുന്നു. മേഖല അടിസ്ഥാനത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ തസ്തികയുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകളിൽ അന്വേഷണം നടത്താനും നിയമ നടപടി സ്വീകരിക്കാനും ഇതുവഴി ഓഫീസർമാർക്ക് കഴിയുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഇവയുടെ പ്രവർത്തനം എത്രത്തോളം കാര്യക്ഷമമാണെന്ന് പുനപരിശോധിക്കേണ്ടത്തിന്റെ ആവശ്യകതയാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്.
പൊലീസിന്‍റെ ക്രൈം റെക്കോർഡ് പ്രകാരം സ്ത്രീധന പീഡനത്തിന്‍റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 66 സ്ത്രീകളാണ്. 2016ല്‍ മാത്രം മരിച്ചത് 25 സ്ത്രീകൾ. 2017ല്‍ 12 പേരും 2018ല്‍ 17 പേരും 2019ലും 2020ലും ആറ് പേര്‍ വീതവുമാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ചത്. ഭര്‍ത്താവിന്‍റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച് ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 1080 കേസുകളാണ്.  2018ല്‍ 2046, 2019ല്‍ 2991, 2020ല്‍ 2715 എന്നിങ്ങനെയാണ് ഭര്‍തൃവീട്ടുകാരുടെ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകൾ. കോവിഡും ലോക്ഡൗണും കൂടിയായപ്പോൾ ഈ കണക്കുകളിൽ സാരമായ വർധനവും ഉണ്ടായിട്ടുണ്ട്. അതായത്  വാർത്തകളിൽ ഇടം നേടാതെ അനേകം വിസ്മയമാരാണ്  സ്വാതന്ത്ര്യം വിദൂരമാകുന്ന ഫ്യൂഡൽ കരഗൃഹങ്ങൾക്ക് സമാനമായ ഭർതൃഗൃഹങ്ങളിൽ വിമോചനം കാത്തു കഴിയുന്നത്.
പെണ്ണിന്  വില പേശാൻ വരുന്നവനെ ആട്ടിയിറക്കാനുള്ള ആർജവം കാണിക്കാൻ ഇനിയും അമാന്തിച്ചുകൂട. വിവാഹ സംവിധാനത്തിൽ ഇന്നുവരെ അനുഷ്ഠിച്ചുവരുന്ന ദുരചാരങ്ങളോട് ‘നോ’ പറയാൻ പെൺകുട്ടികളും അവരുടെ മാതാപിതാക്കളും പഠിക്കണം. സഹിച്ചും പൊറുത്തും സമൂഹത്തെ ബോധിപ്പിക്കാൻ ഭർതൃഗൃഹങ്ങളിൽ സ്വയം ത്യജിക്കുന്നതിനു പകരം ഒത്തുപോകാനാവാത്ത ഘട്ടം വന്നാൽ ചിറകുവിരിച്ചു പറക്കാനുള്ള ആത്മധൈര്യവും പെൺകുട്ടികൾക്ക് പകർന്നു നൽകണം. വിവാഹമോ വിവാഹ മോചനമോ ഒന്നിന്റെയും അവസാനമല്ലെന്ന വാസ്തവം തിരിച്ചറിയണം. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ സ്ഥലത്തിന്റെ മതിപ്പ് വില നിശ്ചയിക്കും പോലെ സർക്കാർ ഉദ്യോഗസ്ഥന് ഇത്ര, ബിനിസ്സുകാരന് ഇത്ര. ജോലിയില്ലാത്തവന് ഇത്ര എന്നിങ്ങനെ വിലയിട്ട്, പെണ്ണിനെ വിൽപ്പന ചരക്കായി മാറ്റാതെ വിവാഹം എന്ന സ്ഥാപനത്തെ കുറിച്ച് കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ചിന്താഗതികളെ പാടെ ഉടച്ചുവാർക്കേണ്ടത് അനിവാര്യമാണ്. എങ്കിൽ മാത്രമേ സമത്വവും സാമൂഹ്യ നീതിയും അതിന്റെ പാരമ്യത്തിൽ എത്തുകയുള്ളൂ.