ന്യൂയോര്‍ക്ക്: ആസ്ട്രാസെനക്ക, ഫൈസർ വാക്സിനുകൾ കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് പഠനം. ഓക്സ്ഫഡ് സർവകലാശാലാ ഗവേഷകരാണ് വാക്സിനെക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്.
ആസ്ട്രാസെനക്കയും ഫൈസർ-ബയോടെക്കും വികസിപ്പിച്ച വാക്സിനുകളാണ് കോവിഡിന്റെ പുതിയ വകഭേദങ്ങളായ ഡെൽറ്റ പ്ലസ്, കാപ്പ എന്നിവയ്ക്കെതിരെ ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. ഇവരുടെ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സെൽ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിനെടുത്തവരുടെ രക്തത്തിലെ ആന്റിബോഡികൾ ഡെൽറ്റ, കാപ്പ വകഭേദങ്ങളെ നിയന്ത്രണവിധേയമാക്കാൻ പര്യപ്തമാണോ എന്നാണ് ഗവേഷകർ അന്വേഷിച്ചത്.
നേരത്തെ ബീറ്റ, ഗാമ വകഭേദങ്ങൾ ബാധിച്ചവരിൽ ഡെൽറ്റ വകഭേദത്തിലൂടെ വീണ്ടും കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. നേരെ മറിച്ച് ആൽഫ വകഭേദം ബാധിച്ചവരെ മറ്റു വകഭേദങ്ങൾ അത്ര ബാധിക്കുന്നില്ലെന്നും ഇവർ പറയുന്നു.
ആഗോളതലത്തലിൽ പടർന്നുകൊണ്ടിരിക്കുന്ന തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദമാണ് ഡെൽറ്റ. ഇന്ത്യയിലാണ് ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത്.