ചൈനയിലെ ടിബറ്റിലുണ്ടായ ഭൂചലനത്തിൽ 18 പേർ മരിച്ചു, 54 ഓളം പേർക്ക് പരിക്ക്. വടക്കൻ നാഗ്ചു നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയുടെ വിവരമനുസരിച്ച് പ്രാദേശിക സമയം രാത്രി 10.33നാണ് ഭൂകമ്പമുണ്ടായത്. റിക്ടർ സ്കെയിലിൽ ഏഴാണ് തീവ്രത രേഖപ്പെടുത്തിയത്. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന് 300 ലധികം കിലോമീറ്റർ വടക്കായി, ജനവാസം കുറഞ്ഞതും ഉയർന്ന സമുദ്രനിരപ്പിലുള്ളതുമായ പ്രദേശത്താണ് പ്രഭവകേന്ദ്രമായ നാഗ്ചു സ്ഥിതി ചെയ്യുന്നത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് നാഗ്ചു മീഡിയ ഓഫീസ് അറിയിച്ചു. പരിക്കേറ്റ 54 പേരിൽ 11 പേരുടെ നില അതീവ ഗുരുതരമാണ്. ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവർത്തനങ്ങൾക്കായി 1,600ലധികം ആളുകളെ സജ്ജമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 3,000 ടെന്റുകളും 1,000 പ്രീഫാബ്രിക്കേറ്റഡ് വീടുകൾ, മടക്കു കട്ടിലുകൾ, ഫ്ലാഷ്ലൈറ്റുകൾ, തണുപ്പുകാല വസ്ത്രങ്ങൾ എന്നിവ പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്.















