തിരുവനന്തുപുരം: മേയര്‍ ആര്യ രാജേന്ദ്രന് എതിരെ വ്യാജ പ്രചാരണം നടത്തിയ എസ്എടി മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് ഫാര്‍മിസിസ്റ്റ് ആയ ബിജുവിനെയാണ് എസ്എടി ആശുപത്രി സൊസൈറ്റി സസ്പെന്‍ഡ് ചെയ്തത്. എസ്എടി മെഡിക്കല്‍ സ്റ്റോര്‍ താത്ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം ഏറ്റെടുത്ത നഗരസഭ, പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതിന് എതിരെയാണ് ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്.
നഗരസഭ നടത്തിയ പരിശോധനയില്‍ ഈ കെട്ടിടത്തില്‍ ഒരു മേശയും, കേടായ കമ്പ്യൂട്ടറും മാത്രമാണുള്ളതെന്നും അവിടെ മരുന്നുകള്‍ സൂക്ഷിക്കുന്നില്ല എന്നും ബോധ്യപ്പെട്ടിരുന്നു. അനധികൃതമായി കൈവശം വച്ചിരുന്ന കെട്ടിടം മേയര്‍ പൂട്ടി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കല്‍ സ്റ്റോറിലെ ചീഫ് ഫാര്‍മിസിസ്റ്റ് ആയ ബിജു സാമൂഹ്യ മാധ്യമങ്ങളിലൂടെ മേയര്‍ മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയായിരുന്നു.
മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചു എന്ന പ്രചരണം നടന്ന ദിവസങ്ങളില്‍ 10 മുതല്‍ 12 ലക്ഷം രൂപയുടെ വരെ വ്യാപാരം മെഡിക്കല്‍ സ്റ്റോറില്‍ നടന്നതായും അന്വഷണത്തില്‍ തെളിഞ്ഞു. അന്ന് തന്നെ ഈ വ്യാജ വാര്‍ത്തയ്ക്കെതിരെ മേയര്‍ സൈബര്‍ പൊലീസിലും ആരോഗ്യവകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും പരാതി നല്‍കിയിരുന്നു. ഈ പരാതികളിലും അന്വഷണം നടന്ന് വരികയാണ്.
മേയര്‍ കെട്ടിടം നേരിട്ട് പരിശോധിക്കാനെത്തിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനോട് മെഡിക്കല്‍ സ്റ്റോറിലെ ചീഫ് ഫാര്‍മിസിസ്റ്റ് ആയ ബിജു തട്ടിക്കയറുകയും മേയര്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. മേയര്‍ തീരുമാനിച്ച യോഗത്തിനെത്തിയവര്‍ക്കെതിരെ ബിജു നടത്തിയ അധിക്ഷേപത്തിനെതിരെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വഷണത്തിലാണ് ഇപ്പോള്‍ ബിജുവിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.















