ന്യൂഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടേതായി 18,170 കോടി രൂപ മൂല്യം വരുന്ന ആസ്തിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്.ബാങ്കുകള്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകള്‍ക്ക് ലഭിക്കുക.റിയൽ എസ്റ്റേറ്റ്, മറ്റ് വസ്തുവകകൾ എന്നിവയുൾപ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടെത്തിയത്. ഏറ്റെടുത്ത പതിനെണ്ണായിരം കോടിയിൽ 969 കോടി രൂപ വിദേശത്ത് നിന്നുമാണ് കണ്ടുകെട്ടിയത്.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മദ്യ വ്യവസായിയായ വിജയ് മല്യക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസ്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് വജ്രവ്യവസായിയായ നീരവ് മോദിക്കെതിരായ കേസ്. നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ചേർന്ന് 14000ത്തോളം കോടി രൂപയുടെ വായ്പ രൂപേണ ബാങ്കുകൾ നിന്ന് തട്ടിയെടുത്തത്.