കവരത്തി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സംവിധായിക ആയിഷ സുല്‍ത്താനയെ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പോലീസ് സ്റ്റേഷനില്‍ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം ഹാജരായ ആയിഷയെ മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ആയിഷ സുൽത്താനയ്ക്ക് ലക്ഷദ്വീപ് കളക്ടർ അസ്ഗർ അലി താക്കീത് നൽകി. രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഐഷ സുൽത്താന കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കളക്ടർ പറയുന്നു. പോലീസ് സ്റ്റേഷനിലെത്താൻ മാത്രമാണ് ഐഷയ്ക്ക് അനുമതി നൽകിയത്.എന്നാൽ ആയിഷ സുൽത്താന പഞ്ചായത്ത് മെമ്പർമാരുടെ യോഗത്തിൽ പങ്കെടുത്തു. കൊവിഡ് രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലടക്കം ഐഷയെത്തി. ദ്വീപിലെ പലയിടങ്ങളിലും സന്ദർശനം നടത്തി. ഇത് ആവർത്തിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.