കൊല്ലം; ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തിൽ ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് പദ്ധതിയിടുന്നത്. റിമാന്‍ഡിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനിലൂടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ഹര്‍ഷിത അട്ടല്ലൂരി ഇരു വീടുകളിലും നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കും. രാവിലെ 11 മണിക്ക് നിലമേല്‍ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ആദ്യ സന്ദര്‍ശനം. പിന്നീട് ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീട്ടിലേക്ക് 12.30 ന് പോകും.
അറസ്റ്റിലായ കിരണിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.