ന്യൂഡല്‍ഹി: ഡെൽറ്റ പ്ലസ് വൈറസ് സാന്നിധ്യം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ജാഗ്രതാ നിർദേശം നൽകി. കേരളം ,മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലകളിലും ക്ലസ്റ്ററുകളിലും പ്രതിരോധ നടപടികള്‍, പരിശോധന, വാക്സിനേഷന് എന്നിവ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്കി.
കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിൻറെ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധന കൂട്ടി ക്വാറൻറൈൻ കർശനമാക്കി രോഗവ്യാപനം തടയാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടത്.
മഹാരാഷ്ട്രയില്‍ രത്നഗിരി, ജല്‍ഗാവ് ജില്ലകളിലും മധ്യപ്രദേശില്‍ ഭോപ്പാല്‍, ശിവ്പുരി ജില്ലകളിലുമാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആകെ 22 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 16ഉം മഹാരാഷ്ട്രയിലാണ്. അതിവ്യാപന ശേഷിയുള്ളതാണ് ഡെല്‍റ്റ പ്ലസ് വകഭേദം.
പോസിറ്റീവായവരുടെ സാംപിളുകള്‍ വിശദമായ പരിശോധനക്ക് ‘ഇന്‍സാകോഗി’ന് (ഇന്ത്യന്‍ സാര്‍സ് കോവ്- ജീനോമിക് കണ്‍സോര്‍ഷ്യ) നല്‍കാനും നിര്‍ദേശമുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട 28 ലബോറട്ടറി സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും കൂട്ടായ്മയാണ് ഇന്‍സാകോഗ്. കൊറോണയുടെ ജനിതക മാറ്റത്തെ കുറിച്ച് പഠിക്കാനും സര്‍ക്കാറിന് നിര്‍ദേശം നല്കാനുമായാണ് ഇന്‍സാകോഗ് രൂപീകരിച്ചത്.
അതേസമയം കൊവിഡ് പ്രതിരോധിക്കുന്നതിൽ കൊവാക്സീന് 77.8 ശതമാനം ഫലപ്രാപ്തിയുണ്ടെന്ന് റിപ്പോർട്ട് പുറത്ത് വന്നു. ആദ്യ ഘട്ട പരീക്ഷണത്തിൻറെ വിവരങ്ങൾ പ്രകാരം ഇത് 81 ശതമാനമായിരുന്നു. കൊവാക്സീൻറെ അടിയന്തര അനുമതിക്കുള്ള അപേക്ഷ ലോകാരോഗ്യ സംഘടന നാളെ പ്രാഥമികമായി കേൾക്കാനിരിക്കെയാണ് ഭാരത് ബയോടെക്ക് വിശദാംശങ്ങൾ ഡിസിജിഐക്ക് സമർപ്പിച്ചത്.