രാജ്യത്തെ ലൈംഗിക അതിക്രമ കേസുകളിലെ വര്‍ധന സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്റെ വിവാദ പരാമര്‍ശം.
‘ഒരു സ്ത്രീ വളരെ കുറച്ച് മാത്രം വസ്ത്രമേ ധരിക്കുന്നുള്ളൂ എങ്കില്‍ അത് തീര്‍ച്ചയായും പുരുഷന്മാരെ സ്വാധീനിക്കും. അല്ലാത്ത പക്ഷം അവര്‍ റോബോട്ടുകളായിരിക്കണം. അത് സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ മനസിലാകും’ എന്നായിരുന്നു ഇമ്രാന് ഖാന്റെ പരാമര്‍ശം.
അതേസമയം ഇമ്രാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്താനിലെ പ്രതിപക്ഷ നേതാക്കളും മാധ്യമ പ്രവര്‍ത്തകരും ഇമ്രാനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളില്‍ ഇരകളെ കുറ്റപ്പെടുത്തുന്ന രീതി ഇമ്രാന് ഖാന് തുടരുകയാണെന്ന് പാകിസ്താനിലെ നിയമവിദഗ്ധ റീമ ഒമര്‍ പ്രതികരിച്ചു. ഇമ്രാൻ ഖാന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിവാദപ്രസ്താവനയില്‍ ഇമ്രാന് ഖാന് മാപ്പ് പറയണമെന്ന് ആവശ്യവും ശക്തമായി ഉയരുന്നുണ്ട്. മാപ്പ് ആവശ്യപ്പെട്ട് ഇസ്ലാമാബാദിലടക്കം വലിയ പ്രതിഷേധങ്ങളും നടന്നു. ലൈംഗിക അതിക്രമക്കേസുകളില്‍ സ്ത്രീകളെ കുറ്റപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ മുന്‍പും ഇമ്രാന് ഖാന് നടത്തിയിട്ടുണ്ട്.