ന്യൂഡല്‍ഹി: രാജ്യത്ത് 69 ലക്ഷം പേർ ഇന്ന് വാക്സീൻ സ്വീകരിച്ചെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്. പുതിയ വാക്സിന് നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്.
വാക്സീൻ വിതരണത്തിലെ അസമത്വത്തിനെതിരെ സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് കേന്ദ്രം പുതിയ വാക്സീൻ നയം നടപ്പാക്കിയത്. ആകെ വാക്സീൻറെ 75 ശതമാനവും കേന്ദ്രം സംഭരിക്കും. നേരത്തെ ഇത് 50 ശതമാനമായിരുന്നു. 18 വയസിനു മുകളിലുള്ളവരുടെ വാക്സീൻറെ ചെലവ് കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങൾ കണക്കിലെടുത്താകും എത്ര വാക്സീൻ നൽകണമെന്ന് കേന്ദ്രം തീരുമാനിക്കുക. പുതിയ നയം പ്രകാരം സ്വകാര്യ വാക്സീൻ കേന്ദ്രങ്ങൾക്ക് 25 ശതമാനം മാറ്റിവെക്കും.
അതേസമയം, ദേശീയ പൊസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയായി അഞ്ച് ശതമാനത്തിൽ താഴെ തുടരുകയാണ്. രാജ്യത്ത് കൊവിഡിൻറെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചവരുടെ എണ്ണം 20 ആയി. മഹാരാഷ്ട്രയ്ക്ക് പുറമെ തമിഴ് നാട്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.