കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു ജേതാവായ പ്രശസ്ത കവി എസ്. രമേശൻ നായരുടെ നിര്യാണത്തിൽ വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം അനുശോചനം രേഖപ്പെടുത്തി. ഹൈന്ദവ ഭക്തി ഗാന ശാഖയ്ക്ക് അദ്ദേഹം നൽകിയ സംഭാവന വളരെ വലുതാണ്. സമൂഹത്തോട് ചേർന്നു നിന്നു പ്രവർത്തിച്ച രമേശൻ നായർ വിശ്വഹിന്ദു പരിഷത്തിൻ്റെ പ്രവർത്തനങ്ങളിൽ ഊർജ്ജം പകർന്ന വ്യക്തിയായിരുന്നു . അദ്ദേഹത്തിൻ്റെ വിയോഗം മലയാള ഭാഷയ്ക് തീരാനഷ്ടമാണെന്ന് ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പ്രചാർ പ്രമുഖ് എസ്സ് സഞ്ജയനും സംസ്ഥാന സമിതിക്കു വേണ്ടി നടത്തിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കോവിഡ് ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് അദ്ദേഹം അന്തരിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീത സംവിധായകനാണ്.
450 ഓളം ഗാനങ്ങൾ എസ് രമേശൻ നായർ രചിച്ചിട്ടുണ്ട്. 2018ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഗുരുപൗർണ്ണമി എന്ന കാവ്യ സമാഹാരത്തിനാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും നേടി.ചലച്ചിത്ര ഗാനങ്ങൾക്കും കവിതകൾക്കും പുറമെ നിരവധി ഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ശതാഭിഷേകം’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ നാടകവും എഴുതിയിട്ടുണ്ട്.

















