കലയും കച്ചവടവും ഒരുമിച്ച ഒരു പിടി സിനിമ അനുഭവങ്ങൾ മലയാളികൾക്ക് സമ്മാനിച്ച പ്രിയപ്പെട്ട സച്ചിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. രാഷ്ട്രീയ സിനിമകളാണ് തന്‍റെ സ്വപ്നമെന്ന് വിളിച്ച് പറഞ്ഞ ചെറുപ്പക്കാരൻ. പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതമായിരുന്നു സച്ചിയുടേത്. തൃശൂരിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ സ്വദേശം. എറണാകുളം ലോ കോളേജിലെ എൽഎൽബി പഠനസമയത്ത് സജീവമായിരുന്നു ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളാണ് സച്ചിയിലെ ചലച്ചിത്രകാരനെ രൂപപ്പെടുത്തിയത്. മുപ്പതോളം അമച്വർ നാടകങ്ങൾ സംവിധാനം ചെയ്ത സച്ചി, നൂറോളം വേദികളിൽ നടനായിട്ടുമുണ്ട്. 8 വർഷത്തെ വക്കീൽ ജോലി ഉപേക്ഷിച്ച് സച്ചി സിനിമയിലേക്ക് എത്തിയത് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം മൂലമാണ്. ആ അഭിനിവേശം തന്നെയാണ് പിന്നീട് സച്ചിയേ സ്വതന്ത്ര തിരക്കഥാകൃത്തായും, സംവിധായകനായും മലയാള സിനിമ ഏറ്റെടുത്തത്.
2012 ലെ മോഹൻലാൽ ചിത്രമായ റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെയാണ് സച്ചിയുടെ ആദ്യത്തെ സ്വാതന്ത്ര തിരക്കഥ. ബിജു മേനോൻ ചിത്രമായ ചേട്ടായീസിൽ നിർമ്മാതാക്കളിൽ പങ്കാളിയായിരുന്നു സച്ചി. 2015 ലെ അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സംവിധാന മേഖലയിലേക്ക് സച്ചി എത്തിയത്. ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശി എന്നി ചിത്രങ്ങളിലൂടെ പരമ്പരാഗത നായകൻ വില്ലൻ സങ്കല്പങ്ങൾ പൊളിച്ചെഴുതാൻ സച്ചി നന്നായി ശ്രമിച്ചു എന്നതിന് തെളിവാണ് ആ സിനിമകളുടെ വിജയം.
അടുത്ത കാലത്ത് ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായ അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. പ്രമേയത്തിലും അവതരണത്തിലും പുലർത്തിയ വ്യത്യസ്തതയാണ് സച്ചി ചിത്രങ്ങളുടെ പ്രത്യേകത എന്നത് ശ്രെധേയം. പ്രണയവും പകയും നർമവും പ്രതികാരവുമൊക്കെ വ്യത്യസ്ത ഭാവങ്ങളിൽ സച്ചിയുടെ സിനിമകളിൽ പ്രതിഫലിച്ചു. മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനിടെയായിരുന്നു സച്ചിയുടെ അകാല വിയോഗം.