മലപ്പുറം: പ്രണയം നിരസിച്ചതിന്‍റെ പേരിൽ പെരിന്തൽമണ്ണ ഏലംകുളത്തെ വീട്ടിൽ കയറി 21കാരിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി വിനീഷ് വിനോദിനെ കൊല്ലപ്പെട്ട ദൃശ്യയുടെ ഏലംകുളത്തെ വീട്ടിലെത്തിച്ചാണ് രാവിലെ അന്വേഷണ സംഘം തെളിവെടുത്തത്. സംഭവ സ്ഥലത്ത് വൻ പൊലീസ് സുരക്ഷയിലാണ് ഏർപ്പെടുത്തിയിരുന്നു.
പഴയ കത്തിയുമായാണ് ദൃശ്യയെ കൊലപ്പെടുത്താൻ പ്രതി വീട്ടിലെത്തിയത്. എന്നാൽ, വീട്ടിൽ നിന്നും കൈവശപ്പെടുത്തിയ മൂർച്ചയുള്ള കത്തി കൊണ്ടാണ് കൊലപാതകം നടത്തിയത്. ഈ കത്തി അന്വേഷണ സംഘം കണ്ടെത്തി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിരുന്നു. പ്രതി കൊണ്ടുവന്ന പഴയ കത്തി കണ്ടെത്തേണ്ടതുണ്ട്.
കൂടാതെ, കൊലപാതകത്തിന് ശേഷം ചെരുപ്പ് ഉപേക്ഷിച്ച ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഈ ചെരുപ്പും പൊലീസ് പരിശോധനയിൽ കണ്ടെത്തണം. പ്രതി കത്തിച്ച ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍റെ പെരിന്തൽമണ്ണയിലെ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും.
വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് പ്രണയം നിരസിച്ചതിന്‍റെ പേരിൽ വീട്ടിൽ കയറി ഏലംകുളം പഞ്ചായത്തിൽ എളാട് ചെമ്മാട്ടിൽ വീട്ടിൽ ബാലചന്ദ്രന്‍റെ മകൾ ദൃശ്യയെ (21) പ്രതിയായ പെരിന്തൽമണ്ണ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷ് വിനോദ് (21) കുത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ (13) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.