ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മൂന്നു ദിവസത്തിനുള്ളില്‍ അര കോടിയിലേറെ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 56,70,350 വാക്സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവില്‍ രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേ അരക്കോടിയിലധികം വാക്സിനുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.
ഇതുവരെ 27.28 കോടി വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇടയില്‍ വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പാഴാക്കിയത് അടക്കം 25,10,03,417 ഡോസുകള്‍ സംസ്ഥാനങ്ങള്‍ ഉപയോഗിച്ചു. രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേയാണ് വരും ദിവ സങ്ങളില്‍ കൂടുതല്‍ അനുവദിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, ആദ്യഡോസ് വിതരണം ചെയ്ത സംസ്ഥാനങ്ങളില്‍ ഗോവയാണ് ഒന്നാംസ്ഥാനത്തുള്ളത്. വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം ഗോവന്‍ ജനസംഖ്യയിലെ 37.35 ശതമാനത്തില്‍ അധികം പേരും കുറഞ്ഞത് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനമായ സിക്കിമാണ് രണ്ടാം സ്ഥാനത്ത്. 37.29 ശതമാനം പേരാണ് സിക്കിമില്‍ വാക്‌സിന്റെ ഒന്നാംഡോസ് സ്വീകരിച്ചത്. കേരളം അഞ്ചാം സ്ഥാനത്താണ്. ഇതുവരെ 26.23 ശതമാനം പേരാണ് സംസ്ഥാനത്ത് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചത്. മൂന്നാംസ്ഥാനത്ത് ഹിമാചല്‍ പ്രദേശും നാലാംസ്ഥാനത്ത് ത്രിപുരയുമാണ്. ഹിമാചല്‍ പ്രദേശില്‍ 30.35% പേരും ത്രിപുരയില്‍ 29.07% പേരുമാണ് ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഗുജറാത്തും 25.69%, ഡല്‍ഹിയുമാണ് – 25.39% ആറ്, ഏഴ് സ്ഥാനങ്ങളില്‍. ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ ഉത്തര്‍ പ്രദേശാണ്. വെറും 8.53 ശതതമാനം പേര്‍ക്കാണ് ഉത്തര്‍ പ്രദേശ് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. ബിഹാറാണ് ഉത്തര്‍പ്രദേശിന് തൊട്ടുമുന്നില്‍. 8.61 ശതമാനം പേര്‍ക്കാണ് ബിഹാറില്‍ ആദ്യഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്.
ഇന്ത്യയില്‍ ഇതുവരെ 21.58 കോടിയില്‍ അധികം ഡോസ് വാക്‌സിനാണ് നല്‍കിയിരിക്കുന്നത്. രണ്ട് ഡോസുകളും നല്‍കിയവരുടെ പട്ടികയില്‍ ലഡാക്ക്, ത്രിപുര, ലക്ഷദ്വീപ് എന്നിവിടങ്ങളാണ് മുന്നില്‍. ജനസംഖ്യയില്‍ 13 ശതമാനത്തിന് ലഡാക്കും ത്രിപുരയും രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ലക്ഷദ്വീപില്‍ പത്തുശതമാനം പേര്‍ക്കാണ് രണ്ട് ഡോസ് വാക്‌സിനും നല്‍കിയിട്ടുള്ളത്.