ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസി ആക്രമണത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് എന്‍.ഐ.എ. ചൊവ്വാഴ്ച വൈകീട്ടാണ് എന്‍.ഐ.എ ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോണ്‍ നമ്പറിലൂടേയുമാണ് വിവരങ്ങള്‍ നല്‍കേണ്ടതെന്നും എന്‍.ഐ.എ അറിയിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരം നല്‍കുന്നവര്‍ക്കാണ് 10 ലക്ഷം രൂപ നല്‍കുക.
ഇസ്രായേല്‍ എംബസിക്ക് പുറത്ത് സ്‌ഫോടന വസ്തുക്കള്‍ സ്ഥാപിച്ചവരെന്ന് കരുതുന്ന രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പുറത്തുവിട്ടു. ഈ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബിസിക്ക് മുന്നില്‍ സ്‌ഫോടനം നടന്നത്.
ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന ചെറിയ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. അതേ സമയം ഉയര്‍ന്ന സുരക്ഷമേഖലയിലാണ് ഇത്തരത്തിലൊരു സ്‌ഫോടനം നടന്നതെന്നും കാറുകളുടെ ചില്ലുകള്‍ക്ക് കേടുപാട് സംഭവിച്ചെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
സ്ഫോടനത്തിന് പിന്നാലെ എല്ലാ വിമാനത്താവളങ്ങള്‍ക്കും സി.ഐ.എസ്.എഫ് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചു. സംഭവത്തിന് പിന്നാലെ എംബസി ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ഇസ്രായേലും അറിയിച്ചു.
















