ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി കടന്നു.
അമേരിക്കയിൽ മൂന്ന് കോടി നാൽപത്തിമൂന്ന് ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 6.15 ലക്ഷം പേർ മരിച്ചു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇന്നലെ മുപ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിനാല് ലക്ഷം കടന്നു.4.87 ലക്ഷം പേർ മരിച്ചു.
അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 80,834 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 71 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്.രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 4.25 ശതമാനമാണ്. കഴിഞ്ഞ 20 ദിവസമായി രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിനും താഴെയാണ്. രോഗമുക്തിനിരക്ക് 95.26 ശതമാനമാണ്. രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ കുറവില്ല. 24 മണിക്കൂറിനിടെ 3,303 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,70,384 ആയി.
















