ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്നിക്-5 കോവിഡ് വാക്സിന്‍ ജൂണ്‍ 15 മുതല്‍ ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. അപ്പോളോ ഹോസ്പിറ്റലും ഡോ. റെഡ്ഡീസ് ലബോറട്ടറിയും സ്പുട്‌നിക് വാക്സിന്‍റെ ആദ്യ ഘട്ട വിതരണം മേയ് 17ന് ഹൈദരാബാദും മേയ് 18ന് വിശാഖപട്ടണത്തും ആരംഭിച്ചിരുന്നു. അപ്പോളോ ഹോസ്പിറ്റലുകള്‍ക്ക് പുറമേ ഹൈദരാബാദിലെ കോണ്ടിനെന്‍റല്‍ ഹോസ്പിറ്റലുകളിലും വാക്സിന്‍ ലഭ്യമാണ്.
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിലനിര്‍ണയ ഷെഡ്യൂള്‍ അനുസരിച്ച് സ്വകാര്യ ആശുപത്രികളില്‍ സ്പുട്നിക്കിന്‍റെ ഒരു ഡോസിന് 1,145 രൂപ വില നിശ്ചയിച്ചിട്ടുണ്ട്. സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനമാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി ഡോസ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് ശില്‍പ ബയോളജിക്കല്‍സിന്‍റെ തീരുമാനം. മേയ് 14ന് സ്പുട്നിക് വാക്സിന്‍റെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചിരുന്നു.
















