കേരളത്തിൽ ആവശ്യത്തിലധികം അപമാനവും വിലക്കും ഏറ്റുകഴിഞ്ഞ മലയാളത്തിനെ അങ്ങ് രാജ്യ തലസ്ഥാനത്തും നിർത്തി അങ്ങ് അപമാനിക്കുവാ!. കഷ്ട്ടം ! ഇതിനും വേണ്ടി എന്ത് തെറ്റാണു ശ്രേഷ്ഠഭാഷാ പദവിയുള്ള മലയാളം ചെയ്തത്. മലയാളി നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഉത്തരവ് ഏറെ വിവാദമായിരുന്നു.ഏതു ഭാഷ സംസാരിക്കണം എന്നുള്ളത് നമ്മുടെ അവകാശമാണ്. ഇത്തരത്തിലുള്ള അവകാശ ലംഘനത്തെ കൂടി ചോദ്യം ചെയ്തു കൊണ്ടുള്ളതാണ് ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രി അധികൃതർ നഴ്സുമാർ മലയാളം സംസാരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ ഇറക്കിയ നടപടി. നിരവധി പ്രതിഷേധങ്ങളും ഇതിനെതിരെ ഉയർന്നിരുന്നു.
ജോലി സമയത്ത് നഴ്‌സിങ് ജീവനക്കാര്‍ തമ്മില്‍ മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി പരാതി ലഭിച്ചത്തിന്റെ പേരിലാണ് ഡൽഹി ആശുപത്രി അധികൃതര്‍ നഴ്സുമാർ മലയാളം പറയുന്നത്തിനെതിരെ വിലക്ക് കൊണ്ടുവന്നത്. മാത്രവുമല്ല ജോലി സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷനടപടി നേരിടേണ്ടി വരുമെന്നും ഈ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. അങ്ങനെ എങ്കിൽ മലയാളത്തിന് മാത്രം ആശുപത്രി വിലക്ക് ഏർപ്പെടുത്തിയത് എന്തുകൊണ്ട്? പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മിസോറം എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ അവരുടെ ഭാഷയില്‍ സംസാരിക്കുന്നതിന് എന്തുകൊണ്ടു വിലക്ക് ഏർപെടുത്തുന്നില്ല.
മാതൃഭാഷ സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഒരുതരത്തിലും അംഗീകരിക്കാം കഴിയില്ല. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള ഔദ്യോഗിക ഭാഷയാണ് മലയാളം. മലയാളത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി തന്നെയാണ്.എവിടെ ജീവിച്ചാലും മാതൃഭാഷയില്‍ ആശയവിനിമയം നടത്തുക എന്നത് ഏതൊരാളുടെയും അവകാശം കൂടിയാണ്. സ്വന്തം നാടിന്റെ സംസ്‌കാരത്തെ അടയാളപെടുത്തുവാന്‍ മാതൃഭാഷയിലുള്ള ആശയവിനിമയം സഹായിക്കും.
ഈ കോവിഡ് കാലത്തും സ്വന്തം നാട്ടിൽ നിന്ന് സ്വയം സുരക്ഷക്ക് കൂടി വെല്ലുവിളി ആയിട്ടും മറ്റുള്ളവർക്കായി സേവനം നടത്തുന്ന നഴ്സുമാരുടെ മാനസിക അവസ്ഥയെ കൂടി ചോദ്യം ചെയ്യൽ തന്നെയാണ് ഈ ഉത്തരവ്. സഹപ്രവര്‍ത്തകരായ മലയാളികളുമായി മാതൃഭാഷയില്‍ സംസാരിക്കുന്നത്തിൽ എന്താണ് തെറ്റ്.എന്തായാലും ഏറെ പ്രതിഷേധങ്ങൾക്ക് ശേഷം ഇത്തരത്തിൽ മനുഷ്യ അവകാശത്തെ കൂടി ചോദ്യം ചെയ്യുന്ന സർക്കുലർ ആശുപത്രി അധികൃതർ പിൻവലിച്ചിട്ടുണ്ട്.