കോഴിക്കോട്: കൊടകര കുഴൽപ്പണ കേസിൽ ബിജെപിക്ക് എതിരായ ആരോപണങ്ങളെല്ലാം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് എതിരെ കള്ളപ്രചാരണം നടക്കുകയാണ്. പുകമറ ഉണ്ടാക്കാൻ സിപിഎം മനഃപൂർവം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊടകരയിൽ നടന്ന പണം കവർച്ചയിൽ ആസൂത്രിതമായ കള്ളപ്രചാരണം നടക്കുന്നു. അർദ്ധ സത്യങ്ങളും അസത്യങ്ങളുമാണ് പ്രചരിപ്പിക്കുന്നത്.
ഇതുമായി ബിജെപിക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. ബിജെപിയുമായി ബന്ധപ്പെട്ട പണം ആണെങ്കിൽ എന്തിനാണ് കേസ് കൊടുക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 38 കോടിയുടെ കള്ളപ്പണം കേരളത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്. ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയും കേസ് കൊടുത്തില്ല. ഒരു മനഃസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കൾക്കും എതിരെ വാർത്ത കൊടുത്തത്.
ഒരു തരത്തിലും ചോദ്യം ചെയ്യലിന് വിധേയർ ആക്കേണ്ടാത്തവരെ വിളിച്ച് ചോദ്യം ചെയ്യുകയാണ്. കാണാതായ പണം കണ്ടെത്താൻ എന്ത് കൊണ്ടാണ് പൊലീസിന് കഴിയാതിരുന്നത്. ചോദ്യം ചെയ്യലിന് ശേഷം എന്ത് വിവരമാണ് പോലീസിന് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു.രാജ്യത്ത് നിയമവാഴ്ച ഉണ്ടെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.