ന്യൂഡല്‍ഹി: കുട്ടികളില്‍ കോവിഡിന്‍റെ തീവ്രത വര്‍ധിക്കാനിടയുള്ളതിനാല്‍ ജാഗ്രതവേണമെന്ന് നീതി ആയോഗ്. വാക്സീനുകള്‍ ഒറ്റ ഡോസായി കുറയ്ക്കുന്നതും മാറി നല്‍കുന്നതും പരിഗണനയിലില്ലെന്ന് നീതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ പോള്‍ അറിയിച്ചു.
കോവിഡ് ബാധിതരായ കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം കുറവാണ്. എന്നാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ രോഗാവസ്ഥ തീവ്രമാകാം. കോവിഡ് മാറിയതിന് ശേഷവും തുടര്‍ച്ചയായ പനി അടക്കം കുട്ടികള്‍ക്ക് മറ്റ് അസുഖങ്ങളുണ്ടാകുന്നത് ഏറെ ശ്രദ്ധിക്കണമെന്നും നീതി ആയോഗ് അംഗം ഡോക്ടര്‍ വി.കെ പോള്‍ പറഞ്ഞു.
അതേസമയം, രാജ്യത്ത് കോവിഡ് മഹാമാരിയേ തുടര്‍ന്ന് 9,346 കുട്ടികള്‍ ഉപേക്ഷിക്കപ്പെടുകയോ അനാഥരാക്കപ്പെടുകയോ ഒരു രക്ഷിതാവിനെ നഷ്ടപ്പെടുകയോ ചെയ്‌തെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍.സി.പി.സി.ആര്‍.) സുപ്രീം കോടതിയെ അറിയിച്ചു. മെയ് 29 വരെ വിവിധ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരമാണ് കണക്കുകള്‍. പകര്‍ച്ചവ്യാധി മൂലം 4,451 കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളെ നഷ്ടപ്പെട്ടതായും 141 കുട്ടികള്‍ക്ക് രണ്ട് മാതാപിതാക്കളെയും നഷ്ടപ്പെട്ടതായും ജസ്റ്റിസുമാരായ എല്‍.എന്‍.റാവു, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ പ്രത്യേകം സമര്‍പ്പിച്ച കുറിപ്പില്‍ മഹാരാഷ്ട്ര സര്‍ക്കാരും അറിയിച്ചു.
2,110 കുട്ടികളോടെ ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നിലെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ അഭിഭാഷക സ്വരൂപമ ചതുര്‍വേദി മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ബീഹാറില്‍ 1,327, കേരളത്തില്‍ 952, മധ്യപ്രദേശില്‍ 712 എന്നിങ്ങനെയാണ് പട്ടികയില്‍ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. ബാലാവകാശ കമ്മീഷന്റെ വെബ്സൈറ്റായ’ബാല്‍ സ്വരാജി’ല്‍ ജൂണ്‍ 7 വരെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നത് തുടരണമെന്നും കോവിഡ് ബാധിച്ച കുട്ടികളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.