കേരളത്തിലിപ്പോള്‍ പുതുതായി തരംഗം സൃഷ്ടിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ക്ലബ് ഹൗസ്. ആളുകള്‍ക്ക് പരസ്പരം സംസാരിക്കാന്‍ കഴിയുന്ന ഓഡിയോ ചാറ്റ് റൂമുകളാണ് ക്ലബ് ഹൗസിന്റെ സവിശേഷത.
അതിവേഗത്തിലാണ് ക്ലബ്ഹൗസ് തരംഗമാകുന്നത്. നേരത്തെ തന്നെ ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പിന്‍റെ ആന്‍ഡ്രോയിഡ് പതിപ്പ് മെയ് 21ന് എത്തിയതോടെയാണ് ഈ ‘ശബ്ദ’ ആപ്പ് പെട്ടെന്ന് രംഗം കീഴടക്കിയത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലബ്ഹൗസ് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. സംസാരം മാത്രമാണ് ഈ ആപ്പിലെ മാധ്യമം എന്ന് പറയാം. ഈ ആപ്പിന്‍റെ പ്രത്യേകതകളും മറ്റും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്.
എന്താണ് ഈ ക്ലബ് ഹൗസ്?
ക്ലബ് ഹൗസ് ഒരു ഗെയിമിങോ ഇൻസ്റ്റന്റ് മസേജിങ് ആപ്ലിക്കേഷനോ അല്ല. ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും തുടങ്ങിയ നിരവധി സമൂഹമാധ്യമങ്ങൾ പോലെ ഒരു പ്ലാറ്റഫോമും അല്ല.
ഒരു ഓഡിയോ ചാറ്റ് ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. ഉപയോക്താക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ ആളുകള്‍ നടത്തുന്ന സംഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍ കേള്‍ക്കാം. ഒരു തരത്തില്‍ പറഞ്ഞാല്‍ പോഡ് കാസ്റ്റിന് പോലെയൊരുസംവിധാനം. ക്ലബ് ഹൗസിലെ സംഭാഷണങ്ങളെല്ലാം തത്സമയം കേള്‍ക്കാം.
ഒരു കോണ്‍ഫറന്‍സ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോണ്‍വര്‍സേഷന്‍ റൂം. അതില്‍ കുറച്ച് പേര്‍ സംസാരിക്കുകയായിരിക്കും. മറ്റുള്ളവര്‍ അത് കേള്‍ക്കുന്നവരും. നിലവിലുള്ള അംഗങ്ങള്‍ ക്ഷണിച്ചാല്‍ മാത്രമേ ക്ലബ് ഹൗസില്‍ അംഗമാവാന്‍ സാധിക്കൂ. അല്ലാതെ ആപ്പ്‌സ്റ്റോറില്‍ കയറി നേരിട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കില്ല.
എങ്ങനെ ക്ലബ് ഹൗസിൽ ചേരാം?
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് സ്റ്റോറുകളില്‍ ക്ലബ്ബ് ഹൗസ് ആപ്പ് ലഭ്യമാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് നമ്പര്‍ നല്‍കി ഒ.ടി.പി ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാം. തുടര്‍ന്ന് പേരും വിവരങ്ങളും പ്രൊഫൈല്‍ ഫോട്ടോയും ചേര്‍ത്ത് കാത്തിരിക്കുക.
ഇൻവൈറ്റ് ലഭിക്കുന്ന ലിങ്കുകൾ അല്ലെങ്കിൽ ഐഡി വെച്ച് ഓരോ ക്ലബിൽ പ്രവേശിക്കാൻ സാധിക്കുന്നതാണ്. ഇൻവൈറ്റ് ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിൽ വന്ന് നിൽക്കാൻ സാധിക്കും. ആ ക്ലബിൽ ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് വഴി ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും.
നിങ്ങളുടെ കോണ്‍ടാക്ടിലുള്ള ആരെങ്കിലുമൊക്കെ ഇതിനകം ക്ലബ്ബ് ഹൗസിലുണ്ടാവുമെന്നതിനാല്‍, വൈകാതെ അവരില്‍ നിന്ന് നിങ്ങള്‍ക്ക് ക്ഷണമെത്തും. ഇതോടെ നിങ്ങള്‍ക്ക് റൂമുകളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും വേണമെങ്കില്‍ സംസാരിക്കാനും സാധിക്കും. സ്വന്തം റൂം ഉണ്ടാക്കി ആളുകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയുമാവാം. നിങ്ങള്‍ക്കിഷ്ടമുള്ളവരെ ഫോട്ടോ ചെയ്യാനും നിങ്ങളെ ഫോളോ ചെയ്യാനും ഒപ്ഷനുണ്ട്.
ക്ലബ് ഹൗസിലേക്ക് ക്ഷണം കിട്ടാന്‍ എന്താണ് മാര്‍ഗം?
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ക്ലബ് ഹൗസിന് ഇപ്പോഴും ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടില്ല. ഐഓഎസ് ആപ്പ്‌സ്റ്റോറില്‍ മാത്രമാണ് ക്ലബ് ഹൗസ് ലഭ്യമായിട്ടുള്ളത്. അതുകൊണ്ടാണ് ഐഫോണ്‍ ഉപയോക്താക്കള്‍ ഏറെയുള്ള യുഎസ്, യുകെ, ചൈന പോലുള്ള ഇടങ്ങളില്‍ ക്ലബ് ഹൗസിന് ജനപ്രീതിയേറാന്‍ കാരണം.
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ക്ലബ് ഹൗസില്‍ അംഗമാകണമെങ്കിലും അതിന് നേരത്തെ സൂചിപ്പിച്ച പോലെ ഒരു തടസമുണ്ട്. നിലവിലുള്ള ക്ലബ് ഹൗസ് അംഗങ്ങള്‍ ആരെങ്കിലും ക്ഷണിച്ചാല്‍ മാത്രമെ നിങ്ങള്‍ക്ക് ക്ലബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങാന്‍ സാധിക്കൂ. മാത്രവുമല്ല തോന്നുന്നവരെയെല്ലാം ക്ലബ് ഹൗസിലേക്ക് ഇഷ്ടം പോലെ ക്ഷണിക്കാന്‍ നിലവിലുള്ള ഉപയോക്താവിന് സാധിക്കില്ല. രണ്ട് പേരെ മാത്രമേ നിലവില്‍ ഇവര്‍ക്ക് ക്ഷണിക്കാനാവൂ.
ഈ വര്‍ഷം ക്ലബ് ഹൗസ് ആപ്പിന്റെ ബീറ്റ പരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതിനാല്‍ ക്രമേണ കൂടുതല്‍ ഉപയോക്താക്കളിലേക്ക് ക്ലബ് ഹൗസിന്റെ വാതിലുകള്‍ തുറന്നുകൊടുക്കാനാണ് സാധ്യത.
എങ്ങനെ റൂം തുടങ്ങാം?
സ്വന്തം റൂം തുടങ്ങി ആളുകളെ ആകര്‍ഷിച്ച് ചര്‍ച്ച ചെയ്യാനാവും. ഇതിന് നാല് ഒപ്ഷനുകളുണ്ട്. ഓപ്പണ്‍, സോഷ്യല്‍, ക്ലോസ്ഡ് എന്നിങ്ങനെ സാധാരണ മൂന്ന് ഓപ്ഷനുകളും ഏതെങ്കിലും ക്ലബ്ബുകളില്‍ അംഗമായിട്ടുണ്ടെങ്കില്‍ അതിലൂടെയും റൂം തുടങ്ങാം. സമയം വച്ച് ഷെഡ്യൂള്‍ ചെയ്യുകയുമാവാം.
ഓപ്പണ്‍ എന്ന ഒപ്ഷനിലാണ് റൂം തുടങ്ങുന്നതെങ്കില്‍ ആര്‍ക്കും വന്ന് കേള്‍ക്കാനും നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ സംസാരിക്കാനും സാധിക്കും. സോഷ്യല്‍ ആണെങ്കില്‍ നിങ്ങള്‍ ഫോളോ ചെയ്യുന്നവരെ മാത്രമേ റൂം ലഭ്യമാവുകയുള്ളൂ. തെരഞ്ഞെടുക്കുന്നവരെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്താനാവുന്നതാണ് ക്ലോസ്ഡ് റൂം.
ക്ലബ്ബ് ഹൗസ് ഐക്കണ്‍ ആരാണ്?
ക്ലബ് ഹൗസ് ആപ്പിന്റെ ഐക്കണ്‍ ഇമേജായുള്ളത് ഒരു സ്ത്രീയുടെ മുഖമാണ്. ഇവര്‍ ആരാണ് എന്ന ചോദ്യവും ചിലര്‍ നവമാധ്യമങ്ങളില്‍ ഉന്നയിച്ചിരുന്നു. ക്ലബ് ഹൗസിന്റെ ആദ്യകാല അംഗങ്ങളില്‍ പ്രമുഖയായിരുന്ന സാമൂഹ്യപ്രവര്‍ത്തകയും കലാകാരിയുമായ ഡ്രൂ കറ്റോക്കയുടെ ചിത്രമാണ് ക്ലബ് ഹൗസ് ഐക്കണ്‍ ഇമേജായി നിര്‍ത്തിയിരിക്കുന്നത്.
സ്ത്രീകളുടെ അവകാശങ്ങള്‍ അടക്കമുള്ള സാമൂഹിക വിഷയങ്ങളിലും വംശീയവിവേചനങ്ങള്‍ക്കെതിരെയുമെല്ലാം ശബ്ദമുയര്‍ത്തിക്കൊണ്ടാണ് കലാ രംഗത്തും അവര്‍ നിലകൊണ്ടത്. വിഷ്വല്‍ കലാകാരി എന്ന നിലയിലാണ് അവര്‍ പ്രശസ്തി നേടിയിരുന്നത്.
ഏഷ്യന്‍ വംശജരോടുള്ള അമേരിക്കയുടെ വിദ്വേഷം, വംശീയ അതിക്രമങ്ങള്‍ എന്നിവയോടെല്ലാം പ്രതികരിക്കാന്‍ ഡ്രൂ കറ്റോക്ക സ്വീകരിച്ച മാര്‍ഗം ക്ലബ് ഹൗസിലെ ഒരു ചാറ്റ് റൂമായിരുന്നു. ഏഴ് ലക്ഷം ആളുകള്‍ വരെ അന്ന് അവരെ കേള്‍ക്കാനായി ചാറ്റ്‌റൂമില്‍ എത്തിയിരുന്നു. ക്ലബ് ഹൗസിന് വലിയ സ്വീകാര്യത നേടിക്കൊടുത്തതിലുള്ള സ്മരണ എന്ന നിലയില്‍ കൂടിയാണ് ക്ലബ് ഹൗസിന്റെ ഐക്കണ്‍ ഇമേജായി ഡ്രൂ കറ്റോക്ക എത്തിയത്.
പ്രശ്‌നങ്ങള്‍
ആള്‍മാറാട്ടം, ശബ്ദതട്ടിപ്പുകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്ലബ് ഹൗസില്‍ നടന്നേക്കാമെന്ന മുന്നറിയിപ്പുകളും വരുന്നുണ്ട്. നിലവില്‍ ക്ലബ്ഹൌസില്‍ ഒരു ചര്‍ച്ച വേദി ‘റൂം’ ഉണ്ടാക്കിയാല്‍ അത് തീര്‍ത്തും ലൈവാണ്. അതില്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധ്യമല്ല. ക്ലബ്ഹൗസും ഈ കാര്യം വ്യക്തമാക്കുന്നുണ്ട്, ഉപഭോക്താക്കളുടെ വിവരങ്ങൾ സംസാരങ്ങൾ എന്നിവ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെങ്കിലും ഇപ്പോൾ ശേഖരിച്ച് വെക്കുന്നില്ല എന്നാണ് പറയുന്നത്, ഭാവിയിൽ ശേഖരിച്ചേക്കാം എന്നും ഇവര്‍ പറയുന്നുണ്ട്. നിലവിൽ റൂമിലെ സംസാരം അവസാനിച്ച ശേഷം കുറ്റകമായ ഉള്ളടക്കങ്ങളൊന്നും ഇല്ലെങ്കിൽ റെക്കോര്‍ഡും റൂമും വോയിസുകളും ഡിലീറ്റ് ആകും. ഡാറ്റകൾ എവിടേയും സേവ് ചെയ്യപ്പെടുന്നില്ല. പക്ഷെ ഭാവിയിലെ നിയമപ്രശ്നങ്ങള്‍ക്ക് അനുസരിച്ച് ചിലപ്പോള്‍ കമ്പനി നിലപാട് മാറ്റിയേക്കാം. ഇത് സ്വകാര്യതയുടെ കാര്യമാണ്.
ഇനി സാധാരണ ഉപയോക്താക്കള്‍ നേരിടാവുന്ന ചില കാര്യങ്ങള്‍ പരിശോധിച്ചാല്‍ പ്രധാനപ്പെട്ടത് ഇവയാണ്, ആൾമാറാട്ടം, ശബ്ദ തട്ടിപ്പുകള്‍ എന്നിവയാണ്. ഇവയെക്കുറിച്ച് അദ്ധ്യാപകനും ടെക് രംഗത്തെ ഗവേഷകനുമായ സുനില്‍ തോമസ് തോണികുഴിയില്‍ പറയുന്നത് ഇങ്ങനെയാണ്.
ക്ലബ്ഹൗസിന്റെ ഈ സ്റ്റേജിൽ വ്യാപകമായി ഐഡികൾ രജിസ്റ്റർ ചെയ്യപ്പെടുകയാണ്. ഫേസ്ബുക്കിലെ അടക്കം പ്രശസ്തരുടെ അടക്കം പേരില്‍ അക്കൌണ്ട് ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ഈ പ്രശസ്തരുടെ അക്കൌണ്ടുകള്‍ ശരിയാണോ എന്ന് അവരുടെ ക്ലബ്ഹൌസിലെ ആരാധകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
പക്ഷെ വെർച്ച്വൽ നമ്പറുകൾ, നിയമവാഴ്ചയില്ലാത്ത രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് ഉള്ള നമ്പറുകൾ ഉപയോഗിച്ചാൽ പലപ്പോഴും ഉറവിടം കണ്ടെത്താന്‍ പറ്റാത്ത അക്കൌണ്ടുകള്‍ സൃഷ്ടിക്കാം.
നേരത്തെ ഇന്ത്യയില്‍ ഈ ആപ്പ് വാര്‍ത്തകളില്‍ ആദ്യം ഇടം പിടിച്ചത് വിവാദത്തോടെയാണ്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിച്ച പ്രശാന്ത് കിഷോറിന്‍റെ ചില ഓഡിയോ ക്ലിപ്പുകള്‍ വിവാദമായിരുന്നു. ഈ വിവാദം സുരക്ഷിതത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇപ്പോൾ എന്തുകൊണ്ട് ക്ലബ് ഹൗസിന് ഇത്രയും പ്രചാരണം ലഭിക്കുന്നു?
സത്യത്തിൽ ക്ലബ് ഹൗസ് കഴിഞ്ഞ ലോക്ഡൗണിലാണ് അവതരിക്കപ്പെടുന്നത്. അന്ന് ഐഒഎസ് ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരുന്നത്. വലിയ തോതിൽ ജനപ്രീതി ലഭിച്ചപ്പോൾ ഒരു വർഷത്തിന് ശേഷം ഈ കഴിഞ്ഞ് മെയ് 21 മുതൽ ആൻഡ്രോയിഡിലും സർവീസ് തുടങ്ങി. അതിന് ശേഷമാണ് ഇപ്പോൾ വലിയതോതിൽ ഈ ആപ്ലിക്കേഷന് പ്രചാരണം ലഭിക്കുന്നത്. പല സംഘടനകളും ക്ലബുകളും ചർച്ചകളും നടത്താൻ ഇപ്പോൾ ഉപയോഗിക്കുന്നത് ക്ലബ് ഹൗസാണ്.
ആപ്പില്‍ ഇതിനകം തന്നെ ഒരുപാട് മലയാളി കൂട്ടായ്മകള്‍ രൂപപ്പെട്ടുകഴിഞ്ഞു. നിരവധി ചര്‍ച്ചകള്‍, പാട്ടുകൂട്ടങ്ങള്‍, കഥപറച്ചിലുകള്‍, തമാശക്കൂട്ടായ്മകള്‍, സര്‍ക്കാസങ്ങള്‍, രാഷ്ട്രീയ ഒത്തുകൂടലുകള്‍ ഇതിനകം ക്ലബ്ബ് ഹൗസില്‍ വ്യാപകമായി കഴിഞ്ഞു. വലിയ സെലിബ്രിറ്റികളും സാധാരണക്കാരും ഒരുമിച്ചൊരു പ്ലാറ്റ്‌ഫോമിലെത്തി തുല്യതയോടെ സംസാരിക്കുന്നുവെന്നതാണ് ക്ലബ്ബ് ഹൗസിന്റെ മറ്റൊരു പ്രത്യേകത. കടത്തിണ്ണകളിലും കലുങ്കിലും ഇരുന്നുള്ള നാടന്‍ സംസാരത്തിന്റെ ഗൃഹാതുരത്വം ലഭിക്കുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍, ചൂടുള്ള ചര്‍ച്ചകളുടെ വേദിയാക്കി മാറ്റിയിരിക്കുകയാണ് മറ്റു ചിലര്‍.