കൊച്ചി: കൊച്ചി ചെല്ലാനത്ത് കോവിഡ് അതിതീവ്രവ്യാപനം. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമായി ഉയര്‍ന്നു. കടലേറ്റത്തിന് പിന്നാലെയാണ് കോവിഡ് വ്യാപനം രൂക്ഷമായത്. നേരത്തെയും ജില്ലയിലെ ഏറ്റവും കൂടിയ കോവിഡ് കണക്കായിരുന്നു ചെല്ലാനത്തേത്. ഇന്നലെ 108 പേരെ പരിശോധിച്ചപ്പോള്‍ 79 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, കടല്‍ക്ഷോഭത്തില്‍ 14,15,16 വാര്‍ഡുകളിലുണ്ടായിരുന്നവര്‍ക്ക് വീട് വിട്ടിറങ്ങേണ്ടിവന്നിരുന്നു. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനോ മാസ്‌ക് ധരിക്കാനോ കഴിഞ്ഞിരുന്നില്ല. മൂന്നുദിവസത്തോളം അസുഖബാധിതരടക്കം കൂട്ടത്തോടെ പുറത്തിറങ്ങിയതോടെയാണ് കോവിഡും കുത്തനെ കൂടിയത്. അതിനിടെ തെക്കെ ചെല്ലാനം ലിയോ സ്‌കൂളില്‍ 47 കിടക്കകളോടെ ഇന്ന് ഡൊമിലിസറി കെയര്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന രണ്ട് മെഡിക്കല്‍ സംഘങ്ങള്‍ ചെല്ലാനത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ സഹായം ആവശ്യമാകുന്നവരെ കുമ്പളങ്ങിയിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്.
















