ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് കാണാതായ ആഭരണങ്ങള്‍ പൊലീസ് കണ്ടെത്തി. പള്ളിപ്പാട് സ്വദേശിനി വത്സലകുമാരിയുടെ ആറര പവന്‍ സ്വര്‍ണ്ണമാണ് നഷ്ടമായത്. ഇവരെ ചികിത്സിച്ചിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് പൊലീസ് ആഭരണങ്ങള്‍ കണ്ടെടുത്തത്.
ജീവനക്കാര്‍ക്ക് പറ്റിയ പിശകാണ് സ്വര്‍ണ്ണം നഷ്ടമാകാന്‍ കാരണമായതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. അതേസമയം, പോലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ.രാംലാല്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി വത്സലാകുമാരി മരിച്ചത്. ആശുപത്രി ജീവനക്കാര്‍ മൃതദേഹം വിട്ടുനല്‍കുമ്പോള്‍ സ്വര്‍ണാഭരണങ്ങളെപ്പറ്റി കൃത്യമായ മറുപടി നല്‍കിയില്ല എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
















